Latest NewsArticle

എണ്ണയില്ലാതെ വലഞ്ഞ് യുഎസ് : ചെല്ലുന്നത് ഇത്രയും കാലം ഉപരോധിച്ച രാജ്യത്തിന്റെ കാൽച്ചുവട്ടിലേക്ക്

 

ദാസ് നിഖിൽ എഴുതുന്നു…

നേര്, നെറിവ്, നാണം എന്ന മൂന്ന് പദങ്ങൾ കേട്ടുകേൾവി പോലുമില്ലാത്ത ഒരു രാജ്യമുണ്ടെങ്കിൽ അത് അമേരിക്കയായിരിക്കും.
ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഉക്രൈൻ അധിനിവേശത്തിന്റെ കാര്യത്തിൽ അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. ‘ഉക്രൈനെന്ന സ്വതന്ത്ര രാജ്യത്തെ ആക്രമിക്കുന്നതിനോടുള്ള പ്രതിഷേധ പ്രകടനം’ എന്നതിന്റെ മറവിൽ, ചിരകാല ശത്രുവായ റഷ്യയെ നശിപ്പിക്കാൻ ശ്രമിക്കുകയാണ് യുഎസ്. റഷ്യയ്ക്ക് നേരെ, നേരിട്ടൊരു സൈനിക നടപടിയെടുക്കുന്നത് ആത്മഹത്യാപരമായ ഒരു തീരുമാനമായിരിക്കുമെന്നതിനാൽ, കിട്ടിയ സന്ദർഭം മറ്റൊരു രീതിയിൽ അവർ ഉപയോഗപ്പെടുത്തി. അമേരിക്കയുടെയും ഏറാൻമൂളികളായ നാറ്റോ രാഷ്ട്രങ്ങളുടെയും ഉടമസ്ഥതയിലുള്ള വൻകിട കമ്പനികൾക്കു മേൽ സമ്മർദ്ദം ചെലുത്തി, അവയുടെ റഷ്യയിലെ പ്രവർത്തനം സ്തംഭിപ്പിക്കുക, സാധ്യമായ എല്ലാരീതിയിലും റഷ്യയ്ക്കു മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തുക, റഷ്യയുമായി ഏതെങ്കിലും രീതിയിൽ സഹകരിക്കുന്ന രാഷ്ട്രങ്ങളെ ഭീഷണിപ്പെടുത്തുക തുടങ്ങി പഠിച്ച പണി പതിനെട്ടും അമേരിക്ക പയറ്റുന്നുണ്ട്. വിസ, മാസ്റ്റർകാർഡ്, മക്ഡോണൾഡ്സ്, ആപ്പിൾ, ഗൂഗിൾപേ, മൈക്രോസോഫ്റ്റ്‌, ടോമി ഹിൽഫിഗർ, കാൽവിൻ ക്ലെയിൻ, നൈക്, ഫോർഡ്, ജനറൽ മോട്ടോഴ്സ്, മെഴ്‌സിഡസ് ബെൻസ്, നെറ്റ്ഫ്ലിക്സ്, പ്രൈസ് വാട്ടർഹൗസ്കൂപ്പേഴ്സ്, ലെവിസ്, അഡിഡാസ്, ഐബിഎം, ഗൂഗിൾ തുടങ്ങി നിരവധി കമ്പനികൾ റഷ്യയിൽ പ്രവർത്തനം നിർത്തി.

ചൊവ്വാഴ്ച, റഷ്യയിൽനിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് പൂർണമായും നിരോധിച്ചു കൊണ്ട് വൈറ്റ് ഹൗസ് ഉത്തരവിറക്കി. റഷ്യയുടെ എണ്ണയ്ക്ക് പകരം, അവർ വെനിസ്വേല വിതരണം ചെയ്യുന്ന എണ്ണ ഉപയോഗിക്കുമത്രേ!.

ഇടയ്ക്ക് ഒരു കഥ പറയാം. ലോകത്തിൽ ഏറ്റവുമധികം എണ്ണ നിക്ഷേപമുള്ള രാജ്യം, നമ്മൾ വിചാരിക്കുന്നത് പോലെ ഏതെങ്കിലും അറബ് രാഷ്ട്രമല്ല. അത് വെനിസ്വേലയാണ്. ലോകത്തെ എണ്ണ നിക്ഷേപത്തിന്റെ 18.2 ശതമാനവും വെനിസ്വേലയിൽ ആണ്. അവിടെ, ഇതുവരെ കണ്ടെത്തിയ എണ്ണനിക്ഷേപം മാത്രം 299,953,000,000 ബാരൽ എണ്ണ വരും. നിലവിൽ, അവരുടെ വാർഷിക ഉൽപാദനത്തിന്റെ 1,374.2 ഇരട്ടി ശേഖരമാണ് അവർക്കുള്ളത്! അത് വിറ്റ് നിഷ്പ്രയാസം സമ്പന്നരാകാവുന്ന വെനിസ്വേല, സാമ്പത്തികമായി അധ:പതിച്ച് ഗതി പിടിക്കാതെ കിടക്കുന്നതിന്റെ ഏറ്റവും പ്രധാന കാരണം അമേരിക്കയാണ്.

നിലവിൽ, വെനിസ്വേല ഭരിക്കുന്ന നിക്കോളാസ് മഡുറോ, എക്കാലത്തും അമേരിക്കൻ താല്പര്യങ്ങൾക്ക് എതിരെയാണ് പ്രവർത്തിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ, അദ്ദേഹത്തെ വെനിസ്വേലൻ പ്രസിഡന്റ് സ്ഥാനത്തു നിന്നും താഴെയിറക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. 2015-2016 എന്നീ വർഷങ്ങളിൽ, തന്നെ സ്ഥാനഭ്രഷ്ടക്കാൻ യു.എസ് ശ്രമിക്കുന്നുവെന്ന രൂക്ഷമായ ആരോപണം മഡുറോ ഉയർത്തിയിരുന്നു. എന്നാൽ, അത് യുഎസ് നിഷേധിച്ചു. തുടർന്ന്, അവർ വെനസ്വേലയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തി. വെനിസ്വേലയിൽ നിന്നും ഒരു രാഷ്ട്രങ്ങളും എണ്ണ ഇറക്കുമതി ചെയ്യരുതെന്ന് യുഎസ് കർശനമായ ശാസനം പുറപ്പെടുവിച്ചു. 2019-ൽ,മഡുറോയ്ക്ക് പകരം, പ്രതിപക്ഷനേതാവായ ജുവാൻ ഗ്വയ്ഡോയെയാണ് ഞങ്ങൾ വെനിസ്വേലയുടെ പ്രസിഡന്റായി കാണുന്നതെന്ന് അമേരിക്കൻ ഭരണകൂടം പ്രഖ്യാപിച്ചു.

മഡുറോ ഏകാധിപതിയാണെന്നും, ജനാധിപത്യവിരുദ്ധമായ കൈകളിൽ എണ്ണ നിക്ഷേപം എത്തരുതെന്നുമാണ് ഉപരോധം ഏർപ്പെടുത്താൻ കാരണമായി യുഎസ് ചൂണ്ടിക്കാട്ടിയത്. ഫലം, ലോകത്തിലെ ഏറ്റവും വലിയ എണ്ണ സ്രോതസ്സ് ഉപയോഗശൂന്യമായി കിടന്നു.

അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം, എണ്ണ ഇറക്കുമതിയിൽ മൂന്നാമത് നിൽക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. ഏതാണ്ട് പകുതി വിലക്ക് എണ്ണ നൽകാൻ വെനിസ്വേല തയ്യാറായിട്ടും, അമേരിക്കൻ ഉപരോധം ഭയന്ന് ഇന്ത്യയും മറ്റു രാഷ്ട്രങ്ങളെപ്പോലെ വെനിസ്വേലയുടെ എണ്ണ ഇറക്കുമതി ചെയ്യാൻ തയ്യാറായില്ല.

പക്ഷേ, ഇപ്പോൾ കാര്യങ്ങളാകെ തകിടം മറിഞ്ഞിരിക്കുകയാണ്. റഷ്യയെ കയറി വെല്ലുവിളിച്ച് ഇറക്കുമതി നിർത്തിയെങ്കിലും, പ്രതിദിനം, 209,000 ബാരൽ എണ്ണ ഉപയോഗിക്കുന്ന രാഷ്ട്രമാണ് അമേരിക്ക. ഒരു സ്രോതസ്സ് കണ്ടില്ലെങ്കിൽ, അമേരിക്ക വൻ പ്രതിസന്ധിയിലാകും. അതിനാൽ ഇന്ന്, യാതൊരു നാണവുമില്ലാതെ യുഎസ്, വെനിസ്വേലയ്ക്കു മുന്നിൽ എണ്ണ തെണ്ടാൻ ഇറങ്ങിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് അമേരിക്കൻ നയതന്ത്ര വൃന്ദം, മഡുറോയുമായി ചർച്ച നടത്തിക്കഴിഞ്ഞു. തങ്ങൾക്ക് ആവശ്യമായ എണ്ണ നൽകിയാൽ, ഉപരോധങ്ങളിൽ ഇളവുവരുത്താൻ യുഎസ് തയ്യാറാണത്രേ! യാതൊരു ഉളുപ്പുമില്ലാതെയാണ് ഇതുവരെ സംഭവിച്ചതെല്ലാം മറന്ന് സ്വന്തം കാര്യം നടത്തിയെടുക്കാൻ വേണ്ടി ഇത്രയും കാലം ദ്രോഹിച്ച രാഷ്ട്രത്തിന്റെ പടിവാതിൽക്കലേയ്ക്ക് ചെല്ലുന്നത്.

ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഒരു പാഠമാണ്. എണ്ണ ഉപഭോഗത്തിൽ മുൻനിരയിൽ നിൽക്കുന്ന ഒരു രാഷ്ട്രം, പൗരന്മാർ കനത്ത ഇന്ധനവില നൽകേണ്ടിവരുന്ന ഒരു രാഷ്ട്രം, ഒരു പരിധിയിൽ കൂടുതൽ ആരുടെയും ആശ്രിതനാവേണ്ട കാര്യമില്ല. എന്ത് ഉപരോധം ഏർപ്പെടുത്തിയാലും, അതിനെയെല്ലാം മറികടക്കാൻ വേണ്ടത്ര വിഭവസമ്പത്തുള്ള രാജ്യമാണിത്. അങ്ങനെ മറികടന്ന ചരിത്രവും നമുക്കുണ്ടെന്ന് ഓർമ്മയുണ്ടാവണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button