ഇടുക്കി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ ഭീഷണി പ്രസംഗം നടത്തിയതിനെ ന്യായീകരിച്ചുകൊണ്ട് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് രംഗത്തെത്തി. ‘സി.പി.എം സുധാകരന് കൊടുക്കുന്ന ഭിക്ഷയാണ് അദ്ദേഹത്തിന്റെ ജീവിതം. ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് മാത്രമാണത്’ എന്ന തന്റെ പരാമർശം പ്രകോപനമല്ലെന്നും, അത് സുധാകരനുള്ള മറുപടി മാത്രമാണെന്നും സി.വി വർഗീസ് പറഞ്ഞു.
Also read: തൃക്കാക്കരയിൽ ക്രൂരമർദ്ദനമേറ്റ രണ്ടര വയസ്സുകാരിയെ അച്ഛന്റെ ആവശ്യപ്രകാരം ശ്രീചിത്രയിലേക്ക് മാറ്റുന്നു
‘ധീരജ് വധക്കേസിലെ കോൺഗ്രസ് പ്രവർത്തകരായ പ്രതികൾ നിരപരാധികളാണെന്നും. ധീരജ് മരണം ഇരന്നു വാങ്ങിയതാണെന്നും സുധാകരൻ പറഞ്ഞു. പ്രതികളെ ജയിലിൽ നിന്ന് ഇറക്കി ഇടുക്കിയിലൂടെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ ഇടുക്കിയിൽ വെച്ച് പറഞ്ഞതിനുള്ള മറുപടിയാണ് ഞാൻ കൊടുത്തത്. അത്തരത്തിൽ ഒരു പരമാർശം നടത്തേണ്ടിയിരുന്നോ എന്ന് അദ്ദേഹമാണ് ആലോചിക്കേണ്ടത്. സന്ദർഭത്തിന് അനുസരിച്ചുള്ള മറുപടിയാണ് ഞാൻ നൽകിയത്. പരമാവധി മാന്യമായി ഞാൻ സത്യം പറഞ്ഞതാണ്’ വർഗീസ് വിശദീകരിച്ചു. പരാമർശം വിവാദമായതോടെയാണ് സി.വി വർഗീസ് പ്രതികരണവുമായി രംഗത്തെത്തിയത്.
കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ, സി.പി.എം ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലാണ്, ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് വിവാദ പരാമർശം നടത്തിയത്.
Post Your Comments