തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വസ്ത്രവിൽപ്പനശാലകൾ കേന്ദ്രീകരിച്ച് വൻ മോഷണം നടന്നതായി പരാതി. പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള സുരക്ഷാ മേഖലയിലെ രണ്ട് കടകളിൽ നിന്നാണ്, മൊത്തം രണ്ടേ മുക്കാൽ ലക്ഷം രൂപ മോഷണം പോയത്. രാത്രി മുഴുവൻ പൊലീസ് പട്രോളിംഗ് ഉള്ള നഗരഹൃദയത്തിലെ സ്ഥാപനങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്. മുകളിലുള്ള ഗ്രില്ല് മുറിച്ചാണ് മോഷ്ടാക്കള്‍ ഒരു കടയുടെ അകത്ത് കടന്നത്. രാത്രി ഒന്നരയോടെയാണ് ഇവർ ആദ്യ കടയിൽ കയറിയത്. രണ്ട് കൗണ്ടറുകളിലായി സൂക്ഷിച്ചിരുന്ന പണം ഇവർ കവർന്നു.
ആദ്യ കടയിൽ നിന്ന് പുറത്തേക്കിറങ്ങിയ മോഷ്ടാക്കൾ നാണയങ്ങള്‍ അടങ്ങിയ ഒരു പൊതിയും, മോഷ്ടിച്ച വസ്ത്രങ്ങളും ടെറസിൽ ഉപേക്ഷിച്ചു. പിന്നീടാണ്, ഇവർ തൊട്ടടുത്ത കടയിൽ കയറിയത്. അടുത്ത കടയിലെ ടെറസിൽ ഉണ്ടായിരുന്ന ഇരുമ്പ് ഷീറ്റ് പൊളിച്ചാണ് ഇവർ അകത്തു കയറിയത്. ഇവിടെ നിന്നും സംഘം പണം മോഷ്ടിച്ചു. ഇതേ ഭാഗത്തുള്ള മൊബൈൽ കടയിൽ മാസങ്ങൾക്ക് മുൻപ് മോഷണം നടന്നിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു. ഉത്തരേന്ത്യൻ സംഘത്തിനെയാണ് സംഭവത്തിൽ പൊലീസ് സംശയിക്കുന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് വാതിലുകള്‍ തകർത്ത് അകത്തു കയറി വൻ മോഷണം നടത്തുന്ന ഒരു സംഘം, തലസ്ഥാനത്ത് സജീവമാണെന്ന് പൊലീസ് കരുതുന്നു.
Post Your Comments