KeralaCinemaMollywoodLatest NewsNewsEntertainment

‘താളിക്കാൻ വന്നാൽ വെട്ടിയരിഞ്ഞ് പട്ടിയ്ക്കിട്ട് കൊടുക്കും’: അതിനുശേഷം ഒരു ചിരിയുണ്ട്, ഇന്നുവരെ കാണാത്ത ചിരി -കുറിപ്പ്

'എഴുപത്തിയൊന്നാം വയസ്സിൽ ഇത്ര വലിയ സ്വപ്നങ്ങൾ കാണുന്ന മറ്റൊരു നടനുണ്ടാകുമോ!?': വൈറൽ കുറിപ്പ്

അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവ്വം’ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് മുന്നേറുകയാണ്. ഓരോ സിനിമയിലും വ്യത്യസ്‍തമായ ഭാവങ്ങളും മാനറിസങ്ങളും പുറത്തെടുക്കാൻ ശ്രമിക്കുന്ന നടനാണ് മമ്മൂട്ടി. ഭീഷ്മപർവ്വത്തിലെ അഭിനയത്തേയും അതിൽ, മലയാളികൾ ഇന്നുവരെ മമ്മൂട്ടിയിൽ നിന്നും കണ്ടിട്ടില്ലാത്ത തരം അഭിനയ മുഹൂർത്തങ്ങളെയും പുകഴ്ത്തി സന്ദീപ് ദാസ്. കാലത്തിനുമുമ്പേ നടക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് സന്ദീപ് വ്യക്തമാക്കുന്നു.

‘നമുക്ക് മലയാള സിനിമയെ ലോകത്തിൻ്റെ നെറുകിൽ കൊണ്ട് വെയ്ക്കണം എന്നാണ് മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞത്. എഴുപത്തിയൊന്നാം വയസ്സിൽ ഇത്ര വലിയ സ്വപ്നങ്ങൾ കാണുന്ന മറ്റൊരു നടനുണ്ടാകുമോ?. കാലത്തിനുമുമ്പേ നടക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. അതുകൊണ്ടാണ് ഭീഷ്മപർവ്വം പോലുള്ള കഥകൾ കണ്ടെത്താൻ അദ്ദേഹത്തിന് സാധിക്കുന്നത്’, സന്ദീപ് ചൂണ്ടിക്കാട്ടുന്നു.

സന്ദീപ് ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

തന്നെ സംഹരിച്ചുതള്ളാൻ ഓടിയടുക്കുന്ന ശത്രുക്കളോട് ഭീഷ്മ പർവ്വത്തിലെ മൈക്കിളപ്പൻ പറയുന്ന ഒരു ഡയലോഗുണ്ട്- ”താളികളേ,എൻ്റടുത്തെങ്ങാനും താളിക്കാൻ വന്നാൽ പ്രാന്തൻ കുരിയച്ചനാണേ വെട്ടിയരിഞ്ഞ് പട്ടിയ്ക്കിട്ട് കൊടുക്കും ഞാൻ…!” അതിനുശേഷം മൈക്കിളപ്പൻ്റെ മുഖത്ത് ഒരു ചിരി വിരിയുന്നുണ്ട്. അയാളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സാത്താൻ ഉണർന്നുകഴിഞ്ഞു എന്ന് വിളിച്ചറിയിക്കുന്ന ചിരി!മമ്മൂട്ടി എന്ന നടൻ്റെ ഔന്നത്യം അടയാളപ്പെടുത്തുന്ന രംഗം! മമ്മൂട്ടി അഭിനയം ആരംഭിച്ചിട്ട് അമ്പതിലേറെ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. നൂറുകണക്കിന് സിനിമകളിൽ മമ്മൂട്ടി ചിരിച്ചിട്ടുണ്ട്. തൻ്റെ മന്ദസ്മിതങ്ങളിലൂടെ ഒരായിരം അർത്ഥതലങ്ങൾ മമ്മൂട്ടി പകർന്നുനൽകിയിട്ടുമുണ്ട്. പക്ഷേ മൈക്കിളപ്പൻ്റെ ചിരി അയാളുടേത് മാത്രമാണ്. മമ്മൂട്ടിയുടെ മുൻകാല സിനിമകളിലൊന്നും അത്തരത്തിലൊരു സംഗതി കണ്ടിട്ടില്ല. സ്വന്തം സിദ്ധിയെ നിരന്തരം തുടച്ചുമിനുക്കുന്ന ഒരു അഭിനേതാവിന് മാത്രമേ ഈ വ്യത്യസ്തത കാത്തുസൂക്ഷിക്കാൻ സാധിക്കുകയുള്ളൂ.

മഹാഭാരതത്തിലെ ഭീഷ്മർ ക്ലാസും മാസും ഒത്തുചേരുന്ന ഒരു ഗംഭീര കഥാപാത്രമാണ്. പക്ഷേ നമ്മുടെ സാഹിത്യവും സിനിമയും ഭീഷ്മരെ വേണ്ടവിധം ഗൗനിച്ചിരുന്നില്ല. കുരുക്ഷേത്ര യുദ്ധത്തിൽ രണ്ടും കൽപ്പിച്ച് പോരിനിറങ്ങിയ ഭീഷ്മർ പാണ്ഡവസേനയിൽ വൻ നാശം വിതയ്ക്കുന്നുണ്ട്. സാക്ഷാൽ പരമശിവനോട് വരെ പോരടിച്ച അർജ്ജുനന് പോലും ഭീഷ്മരെ തടുത്തുനിർത്താൻ സാധിച്ചിരുന്നില്ല! ഭീഷ്മരുടെ അനുവാദത്തോടെയാണ് പാണ്ഡവർ അദ്ദേഹത്തെ വീഴ്ത്തിയത്. അങ്ങനെയൊരു അതികായൻ്റെ കുപ്പായമാണ് അമൽ നീരദ് മമ്മൂട്ടിയെ അണിയിച്ചത്. മഹാഭാരതത്തിലൂടെ വായിച്ചറിഞ്ഞ ഭീഷ്മർ ആധുനിക മനുഷ്യനായി പുനർജ്ജനിച്ചത് പോലെയായിരുന്നു മമ്മൂട്ടിയുടെ അഭിനയം! ഭീഷ്മരുടെ വ്യക്തിപ്രഭാവം മമ്മൂട്ടിയിൽ കാണാമായിരുന്നു. അദ്ദേഹത്തിൻ്റെ ശരീരഭാഷയിൽ ആധികാരികത നിറഞ്ഞുനിൽക്കുകയായിരുന്നു. ആ നീണ്ട മുടിയിഴകൾക്കുപോലും വല്ലാത്ത സൗന്ദര്യമുണ്ടായിരുന്നു!

Also Read:ട്രയൽ എന്നത് ട്രോമ ആണെന്ന് ഒരു അതിജീവിത: ഇന്നാട്ടിലെ ജുഡീഷ്യറിയും ഭരണവ്യവസ്ഥയും വൻ പരാജയമെന്ന് ഹരീഷ് വാസുദേവൻ

”ഞാൻ മരിക്കണമെങ്കിൽ ഞാൻ തന്നെ വിചാരിക്കണം” എന്ന് മൈക്കിളപ്പൻ പറയുമ്പോൾ നമുക്ക് ഓർമ്മവരുന്നത് ഭീഷ്മരെയാണ്. അതാണ് മമ്മൂട്ടിയുടെ വിജയവും. സിനിമയിൽ അഭിനയിച്ച ഒരാൾ പോലും മോശമാക്കിയിട്ടില്ല. അതിനോടൊപ്പം സുശിൻ ശ്യാമിൻ്റെ കിടിലൻ പശ്ചാത്തലസംഗീതം കൂടി ചേരുമ്പോൾ ഭീഷ്മപർവ്വം ഗംഭീര തിയേറ്റർ അനുഭവമായി മാറുന്നു. നൂറുപേരെ ഒറ്റയ്ക്ക് ഇടിച്ചിട്ട് നടന്നുവരുന്ന കഥാപാത്രമല്ല മൈക്കിൾ. അയാൾക്ക് ഉയർച്ചയും തളർച്ചയും ഉണ്ടാവുന്നുണ്ട്. യുദ്ധങ്ങൾ ജയിക്കാൻ മൈക്കിൾ മറ്റുള്ളവരുടെ സഹായവും തേടുന്നുണ്ട്. വലിയൊരു പടയ്ക്കുമുന്നിലൂടെ രഥമോടിക്കുന്ന ഭീഷ്മരെപ്പോലെ! മൈക്കിൾ ഏറെക്കുറെ മണ്ണിൽ ചവിട്ടിയാണ് നിൽക്കുന്നത്. അയാളുടെ അമാനുഷിക നീക്കങ്ങൾക്കുപോലും സാമാന്യം വിശ്വാസ്യതയുണ്ട്. എല്ലാ വിഭാഗം പ്രേക്ഷകരും ഭീഷ്മ പർവ്വത്തെ ഏറ്റെടുത്തത് അതുകൊണ്ടുകൂടിയാവാം. സിനിമ മുന്നോട്ടുവെച്ച രാഷ്ട്രീയവും ഒത്തിരി ഇഷ്ടപ്പെട്ടു. പെങ്ങളെ സ്നേഹിക്കുന്ന പയ്യൻ്റെ പല്ല് ഇടിച്ചുതെറിപ്പിച്ച് ഹീറോയിസം കാട്ടിയ നായകൻമാരെ മലയാള സിനിമയിൽ കണ്ടിട്ടുണ്ട്. ‘തറവാടിത്തം’ ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന നായകൻമാരെയും നാം കണ്ടുപരിചയിച്ചിട്ടുണ്ട്. പക്ഷേ ഭീഷ്മപർവ്വം ജാതിഭ്രാന്തിനെതിരെയും ജാതിക്കൊലപാതകങ്ങൾക്കെതിരെയും ശബ്ദമുയർത്തുന്നു. കെവിനും നീനുവിനും ആദരം അർപ്പിച്ചാണ് സിനിമ തുടങ്ങുന്നത് തന്നെ.

അമൽ നീരദിൻ്റെ ആദ്യകാല സിനിമകളിൽ സ്ത്രീവിരുദ്ധമായ സംഭാഷണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ മൈക്കിളപ്പൻ സ്ത്രീകളെ അധിക്ഷേപിക്കുന്ന ഒരു വാക്ക് പോലും ഉച്ചരിക്കുന്നില്ല എന്നാണ് ഓർമ്മ. മൈക്കിളപ്പൻ മുൻ കാമുകിയ്ക്ക് മട്ടൻ ബിരിയാണി വെച്ചുവിളമ്പിക്കൊടുക്കുന്ന രംഗം ചുമ്മാ ഉൾപ്പെടുത്തിയതൊന്നുമല്ല. അവിടെ അമൽ സ്ത്രീപക്ഷ രാഷ്ട്രീയമാണ് സംസാരിച്ചത്. മലയാള സിനിമ അടിമുടി മാറുകയാണ്. പിന്തിരിപ്പൻ ചിന്താഗതികളെ കടലിൽത്തള്ളുന്ന തിരക്കഥകളുണ്ടാകുന്നു. സിനിമാ പ്രവര്‍ത്തകർ സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്നു. അവർക്കൊപ്പം നടക്കാൻ മമ്മൂട്ടിയും! ഭീഷ്മപർവ്വത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മമ്മൂട്ടി നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. മമ്മൂട്ടിയോട് പിടിച്ചുനിൽക്കാൻ അവതാരകർ പാടുപെടുന്ന കാഴ്ച്ചയാണ് മിക്കവയിലും കണ്ടത്. കാലത്തിനുമുമ്പേ നടക്കുന്ന വ്യക്തിയാണ് മമ്മൂട്ടി! അതുകൊണ്ടാണ് ഭീഷ്മപർവ്വം പോലുള്ള കഥകൾ കണ്ടെത്താൻ അദ്ദേഹത്തിന് സാധിക്കുന്നത്. നമുക്ക് മലയാള സിനിമയെ ലോകത്തിൻ്റെ നെറുകിൽ കൊണ്ട് വെയ്ക്കണം എന്നാണ് മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞത്. എഴുപത്തിയൊന്നാം വയസ്സിൽ ഇത്ര വലിയ സ്വപ്നങ്ങൾ കാണുന്ന മറ്റൊരു നടനുണ്ടാകുമോ!?

വേദവ്യാസൻ്റെ ഭീഷ്മ പർവ്വത്തിൽ ഭീഷ്മരെക്കുറിച്ച് ഒരു വർണ്ണനയുണ്ട്- ”ഗാംഭീര്യത്തിൽ സമുദ്രത്തോടും സഹനശീലത്തിൽ ഭൂമിയോടും കിടനിൽക്കുന്ന മഹാനുഭാവൻ. കാശിരാജധാനിയിൽ ഒറ്റയ്ക്ക് തേരോടിച്ച് ചെന്ന് സകല രാജാക്കൻമാരെയും പരാജിതരാക്കിയ ശൂരയോദ്ധാവ്. പരശുരാമനോടുപോലും എതിരിട്ട ധീരൻ…!” അമൽ നീരദും എഴുത്തുകാരനായ ദേവ്ദത്ത് ഷാജിയും അതിൻ്റെ ആധുനിക ഭാഷ്യമാണ് ചമച്ചത്-
”ടാ,നീയൊന്നും കാണാത്ത,നിനക്കൊന്നും അറിയാൻ പാടില്ലാത്ത ഒരു മൈക്കിളിനെ ഞാൻ കണ്ടിട്ടുണ്ട്…!” ആ ഡയലോഗിനു പിന്നാലെ വരുന്ന മമ്മൂട്ടിയുടെ മുഖവും…! മലയാള സിനിമയിലെ ഭീഷ്മപിതാമഹൻ്റെ ഗാംഭീര്യംനിറഞ്ഞ നിൽപ്പ്…! ഇതിഹാസം ഇനിയും പൂർത്തിയായിട്ടില്ല. തിയേറ്ററുകളിലെ വൻ ജനാവലി അവശേഷിക്കുന്ന കഥ പറയും…!

shortlink

Related Articles

Post Your Comments

Related Articles


Back to top button