സുമി: ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങൾക്ക് ആശ്വാസകരമായി റഷ്യയുടെ പുതിയ തീരുമാനം. ഉക്രൈനിൽ, റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം 12:30 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അഭ്യർത്ഥന പ്രകാരമാണ് റഷ്യയുടെ ഈ തീരുമാനമെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാനുഷിക ഇടനാഴി തുറക്കുന്നതിനായി കീവ്, ഖാർകീവ്, സുമി, മരിയുപോൾ എന്നീ നഗരങ്ങളിൽ ആണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. സാധാരണക്കാരെ രക്ഷപെടുത്തുന്നതിനായുള്ള മൂന്നാം ശ്രമം എന്നാണ് ഇതിനെ, റഷ്യ വിശേഷിപ്പിക്കുന്നത്. ഭാഗികമായ വെടിനിർത്തൽ എന്നാണ് റഷ്യ പറയുന്നത്. റഷ്യയുടെ ഉക്രൈൻ അധിനിവേശം പതിനൊന്നാം ദിവസവും പിന്നിടുമ്പോൾ, ബാക്കിയുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ കൂടി ഒഴിപ്പിക്കാനുള്ള അതീവ ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്.
Also Read:‘റെഡി ആയിക്കോളൂ, നമ്മൾ അവസാനഘട്ടത്തിലാണ്’: സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾ ആശ്വാസത്തിൽ
റഷ്യയുടെ വെടിനിർത്തൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ആശ്വാസമാവുകയാണ്. വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഉടൻ തന്നെ സുമിയിൽ കുടുങ്ങിയ ബാക്കി ഇന്ത്യക്കാരെ കൂടി അതിർത്തി കടത്താനുള്ള ശ്രമത്തിലാണ്. ഇതിനായി, ബസുകൾ തയ്യാറാണ്. റഷ്യൻ അതിർത്തിയോട് ചേർന്നുള്ള വടക്ക്-കിഴക്കൻ ഉക്രേനിയൻ നഗരമായ സുമിയിലേക്കാണ് എല്ലാ കണ്ണുകളും. 700 ഓളം ഇന്ത്യക്കാർ ആണ് ഇവിടെയുള്ളത്. ഉടൻ തന്നെ തയ്യാറാകാൻ, സുമിയിൽ ആശങ്കയോടെ കഴിയുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യൻ എംബസിയുടെ അറിയിപ്പ് ലഭിച്ചിരുന്നു. ഇവരെ നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഒരു സംഘം മധ്യ ഉക്രൈനിലെ പോൾട്ടാവയിലും പോളണ്ടിലും നിലയുറപ്പിച്ചിട്ടുണ്ട്.
ഉക്രൈനിൽ കുടുങ്ങിയവരെ റോഡ് മാർഗം മൊൾഡോവ, സ്ലൊവാക്യ, റൊമാനിയ, പോളണ്ട്, ഹംഗറി എന്നിവിടങ്ങൾ എത്തിച്ചാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്. റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ, ഇന്ത്യയുടെ രക്ഷാദൗത്യം സുഗമമാകുമെന്നാണ് കരുതുന്നത്. തീവ്രമായ ഷെല്ലാക്രമണം നടന്ന സുമിയിൽ നിന്ന് സുരക്ഷിത യാത്ര ഒരുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വെടിനിർത്തൽ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ, വെടിയൊച്ചകൾക്ക് കുറവുണ്ടെന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ പറയുന്നു.
Post Your Comments