സുമി: കിഴക്കൻ ഉക്രൈനിലെ സുമിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷപെടുത്തഹ്ന്നത്തിനുള്ള ശ്രമങ്ങൾ അതിന്റെ അവസാനഘട്ടത്തിലേക്ക്. ഉടൻ തന്നെ തയ്യാറാകാൻ, സുമിയിൽ ആശങ്കയോടെ കഴിയുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യൻ എംബസിയുടെ അറിയിപ്പെത്തി. ഇതോടെ, സാധനങ്ങളും മറ്റും തയ്യാറാക്കി പുറപ്പെടാൻ തയ്യാറായി നിൽക്കുകയാണ് ഇന്ത്യൻ വിദ്യാർത്ഥികൾ. ഇവരെ ഒഴിപ്പിക്കുന്നതിനായി, ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഒരു സംഘം മധ്യ യുക്രൈനിലെ പോൾട്ടാവയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
സംഘർഷ സാധ്യതയ്ക്ക് അനുസരിച്ച് ‘ഏത് നിമിഷവും’ ഒഴിപ്പിക്കൽ ഉണ്ടായേക്കുമെന്ന് ഇന്ത്യൻ അധികൃതർ അറിയിച്ചതായി സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ് കോർഡിനേറ്റർ റെനീഷ് ജോസഫ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ, ഉക്രൈനിൽ കുടുങ്ങിയവരെ റോഡ് മാർഗം മൊൾഡോവ, സ്ലൊവാക്യ, റൊമാനിയ, പോളണ്ട്, ഹംഗറി എന്നിവിടങ്ങൾ എത്തിച്ചാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്.
അതേസമയം, ഓപ്പറേഷൻ ഗംഗയ്ക്ക് കീഴിൽ, 76 വിമാനങ്ങളിലായി ഇതുവരെ 15,920 ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,500 പേരെയാണ് തിരികെയെത്തിച്ചത്. ഏകദേശം പകുതിയിലധികം ഇന്ത്യക്കാരെയും കേന്ദ്രസർക്കാർ തിരികെ നാട്ടിലെത്തിച്ച് കഴിഞ്ഞു. ഉക്രൈനിൽ, വെടിവയ്പിൽ പരുക്കേറ്റ ഇന്ത്യൻ വിദ്യാർഥി ഹർജോത് സിങ്ങിനെയും നാട്ടിലെത്തിച്ചു. രക്ഷാദൗത്യ ഏകോപനത്തിനായി പോളണ്ടിലായിരുന്നു വ്യോമയാന സഹമന്ത്രി വി.കെ. സിങ്ങിനൊപ്പമാണ് ഹർജോത് മടങ്ങിയെത്തിയത്.
Post Your Comments