കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പ് മാർച്ച് മൂന്നിന് അവസാനിച്ചു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘ഭീഷ്മ പര്‍വം’. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. വമ്പൻ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയെ കുറിച്ച് പ്രമുഖർ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, തന്നോട് ഭീഷ്മ കാണാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സുഹൃത്തുക്കളുടെ മെസേജുകൾ നിരവധി വരുന്നുണ്ടെന്ന് എഴുത്തുകാരി ശാരദക്കുട്ടി വ്യക്തമാക്കുന്നു. കോവിഡിനെ ഭയന്ന് തിയേറ്ററിലേക്ക് പോകാൻ തനിക്ക് തോന്നുന്നില്ലെന്നും ശാരദക്കുട്ടി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
‘ഭീഷ്മ കാണാൻ വല്ലാതെ പ്രേരിപ്പിക്കുന്ന മെസേജുകൾ. മമ്മൂട്ടിയെ പ്രേമിക്കുന്ന കൂട്ടുകാരികൾ പറയുന്നു, വീണ്ടും വീണ്ടും പ്രേമിക്കാൻ തോന്നുന്നുവെന്ന്. എനിക്കാണെങ്കിൽ തീയേറ്ററിലേക്ക് പോകാനുള്ള ഭയം ഇനിയും മാറുന്നില്ല. കോവിഡ് ഏതോ മൂലയിൽ പതുങ്ങിയിരിക്കുന്നുണ്ടാകുമെന്ന ചിന്ത. മമ്മൂട്ടി തന്നെ ഭയങ്ങളിൽ നിന്ന് കാമിനികളെ രക്ഷിക്കട്ടെ’, ശാരദക്കുട്ടി വ്യക്തമാക്കി.
അതേസമയം, മികച്ച ഓപ്പണിംഗ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. മാസ്സ് ഡയലോഗ്സും മാസ്സ് എൻട്രികളും അടക്കമുള്ള ദൃശ്യ വിരുന്നാണ് സംവിധായകൻ അമല്‍ നീരദ് ഒരുക്കിയിരിക്കുന്നത്. നെടുമുടി വേണു, കെപിഎസി ലളിത, നാദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, ഷൈന്‍ ടോം ചാക്കോ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായര്‍, മാല പാര്‍വതി, കോട്ടയം രമേശ്, പോളി വല്‍സന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമാണ്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. നേരത്തെ, ശ്രീനാഥ് ഭാസി ആലപിച്ച ‘പറുദീസ’ എന്ന ഗാനം യുവാക്കളുടെ ഇടയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിനായക് ശശികുമാറാണ് ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്.
Post Your Comments