അടിമാലി: കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍, എട്ടു പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. പ്രതികളുടെ പക്കൽ നിന്നും രണ്ട് നാടന്‍തോക്കുകളും പൊലീസ് പിടികൂടി. മാമലകണ്ടം അഞ്ചുകുടി സ്വദേശി കണ്ണന് എന്ന രാധാകൃഷ്ണൻ, അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണന്, ശക്തിവേല്‍, ഒഴുവത്തടം സ്വദേശി മനീഷ്, പത്താം മൈല്‍ സ്രാമ്പിക്കല്‍ ആഷിഖ്, മാങ്കുളം സ്വദേശി ശശി, അടിമാലി കൊരങ്ങാട്ടികുടിയില്‍ സന്ദീപ്, കൊരങ്ങട്ടികുടിയില്‍ സാഞ്ചോ എന്നിവരെയാണ് അടിമാലി റേഞ്ച് ഓഫീസര്‍ കെ.വി. രതീഷിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.
മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന് പരിതിയില്‍ വരുന്ന നെല്ലിപ്പാറ വനത്തില്‍ അതിക്രമിച്ച് കയറി കാട്ടുപോത്തിനെ വെടിവെച്ച് കൊന്നശേഷം മാംസം വീതിച്ചെടുക്കുകയും വില്പന നടത്തിയ സംഭവത്തിലാണ് ഇവരെ പിടികൂടിയത്. വെടിവെക്കാന്‍ ഉപയോഗിച്ചത് നാടന്‍ ഇരട്ടകുഴല്‍ തോക്കുകളാണെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ, വാക്കത്തി ഉൾപ്പെടെയുളള മാരകായുധങ്ങളും സംഘത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
Post Your Comments