തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളിൽ പലരും തന്നെ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി. ദിവസങ്ങളായി സുമിയിൽ വിദ്യാർഥികളടക്കം എത്രയോ മനുഷ്യർ രക്ഷപെടും എന്ന വിശ്വാസത്തിൽ കാത്തിരിക്കുകയായിരുന്നുവെന്നും, 10 ദിവസം പിന്നിടുമ്പോഴും കിഴക്കൻ മേഖലയിൽ നിന്നുള്ള രക്ഷാദൗത്യത്തിന് കൃത്യമായ നിർദ്ദേശം ഇന്ത്യൻ എംബസി നൽകിയിരുന്നില്ല എന്നതാണ് അവരുടെ പ്രധാന പരാതിയെന്നും ബ്രിട്ടാസ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
Read Also: ബിജെപികാർക്ക് നട്ടെല്ല് ഉണ്ടോ? ധീരജിനെ കുത്തിയത് നിഖിൽ പൈലി അല്ലെന്ന് കെ സുധാകരന്‍
ഭക്ഷണമോ വെള്ളമോ ഇല്ലാതെ രോഗത്തിന്റെയും അവശതയുടെയും നടുവിൽ നിന്നും രാജ്യം അവരെ ചേർത്ത് പിടിക്കുമെന്നും രക്ഷിക്കുമെന്നും കരുതിയാണ് ഈ ഒൻപത് ദിവസവും കാത്തിരുന്നതെന്നും എന്നാൽ, എല്ലാ പ്രതീക്ഷയും കൈവിട്ട അവർ ഒരു സുരക്ഷയും ഇല്ലാതെ അതിർത്തിയിലേക്ക് മാർച്ച് ചെയ്തുതുടങ്ങിയെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ പറഞ്ഞു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ദിവസങ്ങളായി സുമിയിൽ വിദ്യാർഥികളടക്കം എത്രയോ മനുഷ്യർ രക്ഷപെടും എന്ന വിശ്വാസത്തിൽ കാത്തിരിക്കുകയായിരുന്നു. സുമിയിൽ കുടുങ്ങിക്കിടക്കുന്ന പല വിദ്യാർത്ഥികളും എന്നെ നേരിട്ട് ബന്ധപ്പെട്ടിരുന്നു.10 ദിവസം പിന്നിടുമ്പോഴും കിഴക്കൻ മേഖലയിൽ നിന്നുള്ള രക്ഷാദൗത്യത്തിന് കൃത്യമായ നിർദ്ദേശം ഇന്ത്യൻ എംബസി നൽകിയിരുന്നില്ല എന്നതാണ് അവരുടെ പ്രധാന പരാതി. ഭക്ഷണമോ വെള്ളമോ ഇല്ലാതെ രോഗത്തിന്റെയും അവശതയുടെയും നടുവിൽ നിന്നും രാജ്യം അവരെ ചേർത്ത് പിടിക്കുമെന്നും രക്ഷിക്കുമെന്നും കരുതിയാണ് ഈ ഒൻപത് ദിവസവും കാത്തിരുന്നത് .എന്നാൽ എല്ലാ പ്രതീക്ഷയും കൈവിട്ട അവർ ഒരു സുരക്ഷയും ഇല്ലാതെ അതിർത്തിയിലേക്ക് മാർച്ച് ചെയ്തുതുടങ്ങി.അക്ഷര ഷാജി എന്ന വിദ്യാർത്ഥിനി എനിക്കയച്ച വീഡിയോ ഞാൻ ഇവിടെ ചേർക്കുന്നു.
ഖാർകീവിൽ നിന്ന് പോളണ്ട്, സ്ലോവാക്യ, ഹങ്കറി എന്നീ അതിർത്തികളിൽ നിന്നും 101 മലയാളി വിദ്യാർത്ഥികളുൾപ്പെടെ 399 പേർ ദില്ലിയിലെത്തി. താമസ സ്ഥലത്ത് നിന്നും അതിർത്തിയിലേക്ക് സ്വന്തമായാണ് ഇവർ എത്തിയതെന്നും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും സഹായങ്ങൾ ലഭിച്ചില്ലെന്നും ദില്ലിയിലെത്തിയ വിദ്യാർത്ഥികൾ പ്രതികരിച്ചതും നമ്മൾ കേട്ടതാണ് .ഇനിയെങ്കിലും കേന്ദ്രസർക്കാർ കൂടുതൽ ആളുകളെ നാട്ടിലെത്തിക്കാനുള്ള വഴികൾക്കായി ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്.അത് പൗരന്മാരോടുള്ള ഉത്തരവാദിത്വം കൂടിയാണ്.ഇന്ത്യൻ എംബസിക്കും സർക്കാരിനും അതിർത്തിയിലേക്ക് സ്വയം ഇറങ്ങിത്തിരിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുൻപിൽ തലകുനിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ് .
Post Your Comments