കൊച്ചി: താൻ ഇരയല്ലെന്നും അതിജീവതയാണെന്നും തുറന്നു പറഞ്ഞ് നടി ഭാവന. അഞ്ച് വർഷത്തെ മൗനം വെടിഞ്ഞ്, പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി വുമണ്‍’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഭാവന. തന്റെ ജീവിതത്തിൽ ഉണ്ടായ മറക്കാനാകാത്ത സംഭവത്തിൽ, പോരാട്ടം തുടരുമെന്ന് ഭാവന വെളിപ്പെടുത്തി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണമെന്ന് തീരുമാനമെടുത്തതോടെയാണ്, ധൈര്യമായി മുന്നോട്ട് വരാൻ കഴിഞ്ഞതെന്ന് നടി പറയുന്നു.
അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നെന്നും ഭാവന പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഏറെ വേദനിപ്പിച്ചുവെന്നും വളർത്തു ദോഷമാണെന്ന് പറഞ്ഞു പഴിച്ചവരും ഉണ്ടെന്ന് വ്യക്തമാക്കിയ ഭാവന, സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച പല തെറ്റായ വാർത്തകളും ഏറെ വിഷമിപ്പിച്ചുവെന്നും തുറന്നു പറഞ്ഞു.
‘സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ വളരെയധികം വേദനിപ്പിച്ചു. ഇന്‍സ്റ്റഗ്രാം വഴി പലരും ചോദിച്ചത് എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല എന്നൊക്കെയാണ്. അതോടൊപ്പം തന്നെ നിരവധി പേര്‍ പിന്തുണയറിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഉണ്ടാക്കിയ നാടകമാണ് ഇതെന്ന് പലരും പറഞ്ഞു. അപവാദ പ്രചാരണങ്ങൾ നടത്തി. എന്റെ കുടുംബത്തെയടക്കം അപകീര്‍ത്തിപ്പെടുത്താന്‍ പലരും ശ്രമിച്ചു. കള്ളക്കേസ് എന്ന് വരെ അപവാദപ്രചാരണമുണ്ടായി. ചിലര്‍ ഇത്തരത്തിലൊക്കെ കുറ്റപ്പെടുത്തിയപ്പോള്‍ വല്ലാതെ തകര്‍ന്നുപോയി. ഒരുപാട് തവണ കരഞ്ഞു.
സംഭവത്തില്‍ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഭാവന നന്ദി അറിയിക്കുകയും ചെയ്തു. ‘നിരവധി പേര്‍ എനിക്ക് പിന്തുണയറിയിച്ചിരുന്നു. എന്നോടൊപ്പം നിന്നവര്‍ക്ക് നന്ദി അറിയിക്കുകയാണ്. കേസില്‍ വിജയം കാണുന്നത് വരെ പോരാട്ടം തുടരും. പൃഥ്വിരാജ്, ജയസൂര്യ, ഷാജി കൈലാസ്, ആഷിഖ് അബു അങ്ങനെ ഒരുപാട് പേര്‍ എനിക്ക് അവസരം തരാമെന്ന് പറഞ്ഞ് എന്നെ സമീപിച്ചിരുന്നു’, ഭാവന പറയുന്നു.
‘ഇപ്പോഴും എനിക്ക് പേടിയുണ്ട്. നീതിക്ക് വേണ്ടി പോരാടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഞാന്‍ തെറ്റുകാരിയല്ലെന്ന് തെളിയിക്കണം. എന്റെ ഭര്‍ത്താവിന്റേതായാലും സുഹൃത്തുക്കളുടേതായാലും അങ്ങനെ എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുടെ പിന്തുണ എനിക്കുണ്ട്. ട്രാവല്‍ ചെയ്യുന്ന സമയത്തൊക്കെ ആളുകള്‍ എന്നെ കെട്ടിപിടിക്കുകയും പിന്തുണയറിയിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എനിക്ക് നീതി കിട്ടാന്‍ അവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്,’ ഭാവന പറഞ്ഞു.
Post Your Comments