കീവ്: റഷ്യന്‍ അധിനിവേശം പത്താം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ താന്‍ രാജ്യം വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്ന ആരോപണത്തെ തള്ളി വൊളോഡിമിർ സെലന്‍സ്‌കി. താന്‍ കീവില്‍ തന്നെ ഉണ്ടെന്ന് അദ്ദേഹം ലോകത്തെ അറിയിച്ചു. പോളണ്ടിലേക്ക് സെലന്‍സ്‌കി പലായനം ചെയ്‌തെന്നാണ് റഷ്യന്‍ ദേശീയ വക്താവ് ആരോപിച്ചിരുന്നത്.
റഷ്യ ആരോപണം ഉന്നയിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ഉക്രൈന്‍ ഔദ്യോഗികമായി ഈ ആരോപണം തള്ളിയിരുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ പ്രസിഡന്റ് ഇപ്പോള്‍ എവിടെയാണെന്ന് കൃത്യമായി വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ഉക്രൈന്‍ ദേശീയ പ്രതിരോധ തലവന്‍ ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
പത്താം ദിവസവും ചെറുത്തുനില്‍പ്പ് തുടരുന്നതിനിടെ, ഇന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്‌കി യുഎസ് സെനറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. സെലന്‍സ്‌കി സൂം ആപ്പ് വഴിയാകും സെനറ്റ് അംഗങ്ങളോട് സംസാരിക്കുക. യുദ്ധം കടുക്കുന്ന പശ്ചാത്തലത്തില്‍, പ്രസിഡന്റ് ജോ ബൈഡനോട് റഷ്യയ്‌ക്കെതിരെ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍, യുഎസ് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. അസംസ്‌കൃത എണ്ണ ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തണം എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ജനപ്രതിനിധികള്‍ മുന്നോട്ടുവെച്ചത്.
Post Your Comments