ന്യുയോർക്കിലെ സ്ത്രീകളുടെ ഐതിഹാസിക സമര ദിനമാണ് മാര്‍ച്ച് 8 എന്ന അന്താരാഷ്ട്ര വനിതാ ദിനം. ഈ പ്രക്ഷോഭത്തോടെയാണ് വനിതാ ദിനത്തിന് തുടക്കമാകുന്നത്. 1857 മാര്‍ച്ച് എട്ടിന്, ന്യൂയോര്‍ക്കിലെ തുണിമില്ലുകളില്‍ ജോലി ചെയ്തിരുന്ന സ്ത്രീകള്‍ മുതലാളിത്വത്തിനെതിരെ സമരം ചെയ്തു. വോട്ട് ചെയ്യാനുള്ള അവകാശത്തിന് വേണ്ടിയും ജോലി സമയം കുറക്കാനും കുറഞ്ഞ വേതനത്തിനുമെതിരായിരുന്നു പ്രക്ഷോഭം. ആദ്യമായിട്ടായിരുന്നു, സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംഘടിതമായി പ്രക്ഷോഭത്തിനിറങ്ങുന്നത്.
ഇതിന്റെ ചുവടുപിടിച്ച്, ലോകമെമ്പാടും പിന്നീടങ്ങോട്ട് പ്രക്ഷോഭങ്ങള്‍ അരങ്ങേറി. സ്ത്രീകളുടെ അവകാശ സമരങ്ങളുടെ സ്മരണാര്‍ത്ഥം 1909 ഫെബ്രുവരി 28 ന് അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് ആദ്യമായി വനിതാ ദിനം ആചരിച്ചത്. 1913 വരെ അമേരിക്കയിലെ സ്ത്രീകള്‍ ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച്ച ദേശീയ വനിതാ ദിനമായി കൊണ്ടാടി. പിന്നീട് 1910 ല്‍ ജര്‍മനിയിലെ കോപ്പന്‍ഹാമില്‍ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വനിതാ വിഭാഗം നേതാവും പിന്നീട് മാര്‍ക്‌സിസ്റ്റ് തത്വചിന്തകയുമായ ക്ലാര സെട്കിന്റെ മുന്‍കൈയ്യില്‍ അന്താരാഷ്ട്ര വനിതാ ദിനം എന്ന ആവശ്യമുയരുകയും ഏകകണ്‌ഠേന അംഗീകരിക്കപ്പെടുകയും ചെയ്തു.
17 രാജ്യങ്ങളില്‍ നിന്നായി നൂറിലധികം വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിലായിരുന്നു ഈ ചരിത്ര തീരുമാനം.തുടര്‍ന്ന് അടുത്ത വര്‍ഷം മാര്‍ച്ച് 19 ന് ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്റ് എന്നീ രാജ്യങ്ങള്‍ ആദ്യമായി വനിതാ ദിനം ആചരിച്ചു.1913 ല്‍ റഷ്യയിലെ സ്ത്രീകള്‍ ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച്ച തങ്ങളുടെ ആദ്യ വനിതാ ദിനമാക്കി തെരുവിലിറങ്ങി. തൊട്ടടുത്ത വര്‍ഷം യൂറോപ്പിലും യുദ്ധത്തിനെതിരായി സ്ത്രീകള്‍ ഒന്നിച്ചിറങ്ങി.1917 ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച്ചയാണ് റഷ്യയില്‍ സ്ത്രീകള്‍ വിഖ്യാതമായ ‘bread and peace’ സമരവുമായി മുന്നോട്ടുവരുന്നത്.
ഒന്നാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ട രണ്ട് മില്യണോളം വരുന്ന റഷ്യന്‍ പട്ടാളക്കാര്‍ക്ക് വേണ്ടിയായിരുന്നു സ്ത്രീകളുടെ സമരം. പിന്നീട്, ഓരോ വര്‍ഷവും ലോക രാജ്യങ്ങളിലെ സ്ത്രീകള്‍ വനിതാ ദിനങ്ങള്‍ കൊണ്ടാടിപ്പോന്നു. 1975 ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. ആദ്യകാലങ്ങളില്‍ സോഷ്യലിസ്റ്റുകളുടെ പരിപാടിയായി മാത്രം കണ്ടിരുന്ന വനിതാ ദിനം കാലക്രമേണ ആഗോള തലത്തില്‍ സ്ത്രീകളുടെ ദിനമായി ആചരിക്കുകയായിരുന്നു.
Post Your Comments