കൊച്ചി: ഇന്ന് വനിതാ ദിനമാണ്. ഈ വനിതാ ദിനത്തിലും നമ്മൾ ചർച്ച ചെയ്യുന്നത് തുല്യനീതിയെ കുറിച്ചും, സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ചുമാണ്. എന്നാണ് ഈ ചർച്ചകളെല്ലാം മാറി പോസിറ്റിവ് ആയ കാര്യങ്ങൾ മാത്രം ചർച്ച ചെയ്യാൻ ഒരു വനിതാ ദിനം വരിക? ഏതായാലും ഇന്നത്തെ വനിതാ ദിനത്തിൽ, സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും ഗുരുതമായത് സൈബർ ആക്രമണമാണെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സനും സി.പി.എം സംസ്ഥാന സമിതിയംഗവുമായ ചിന്ത ജെറോം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ, ആലത്തൂർ എം.പി രമ്യ ഹരിദാസിനും സമാനമായ അഭിപ്രായമാണുള്ളത്.
ലോക്സഭയിലേക്ക് മത്സരിച്ച കാലം മുതൽ തന്നെ സൈബർ ആക്രമണം നേരിട്ട ആളാണ് രമ്യ ഹരിദാസ്. തിരഞ്ഞെടുപ്പിനിടെ പരിക്ക് പറ്റിയതിനെ തുടർന്ന്, വീൽചെയറിൽ സഹപ്രവർത്തകർക്കായി പ്രചാരണ രംഗത്തേക്കിറങ്ങിയതിനും തന്റെ പാട്ടിനുമൊക്കെ നേരിടേണ്ടി വന്നത് വളരെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും പരിഹാസവുമായിരുന്നുവെന്ന് രമ്യ ഹരിദാസ് ഓർത്തെടുക്കുന്നു. സൈബർ ആക്രമണങ്ങളിൽ സഹികെട്ട് പല സന്ദർഭങ്ങളിലും പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും കേസെടുത്തത്തിട്ടില്ലെന്നും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലെന്നുമാണ് എം.പി വെളിപ്പെടുത്തുന്നത്.
എന്നാൽ, ഇത്തരം കേസുകളിൽ പരാതിയുമായി മുന്നോട്ട് പോകണം എന്ന ഉപദേശമാണ് ചിന്ത ജെറോം നൽകുന്നത്. സൈബർ ഇടങ്ങളിൽ നിന്നുണ്ടാകുന്ന മോശം അനുഭവങ്ങൾക്കെതിരെ നിയമപരമായി നീങ്ങുകയും സധൈര്യം മുന്നോട്ടുപോവുകയും വേണമെന്നാണ് ചിന്ത പറയുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം.
Post Your Comments