കൊച്ചി: വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ. മെട്രോയില്‍ ഇന്ന് സ്ത്രീകള്‍ക്ക് സൗജന്യ യാത്രയാണ്. ഏത് മെട്രോ സ്റ്റേഷനിൽ നിന്ന് വേണമെങ്കിലും, മറ്റൊരു മെട്രോ സ്റ്റേഷനിലേക്ക് പരിധിയില്ലാതെ സ്ത്രീകൾക്ക് ഇന്ന് യാത്ര ചെയ്യാവുന്നതാണ്. ഓഫറിന് പ്രായപരിധിയില്ല. എല്ലാ പ്രായത്തിലുമുള്ള വനിതകള്‍ക്ക് ഈ ഫ്രീ മെട്രോ സര്‍വീസ് ഉപയോഗപ്പെടുത്താം. കൊച്ചി മെട്രോ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, വനിതാ ദിനത്തോട് അനുബന്ധിച്ച് വിവിധ സ്‌റ്റേഷനുകളില്‍ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ കാലത്ത് 10.30 ന് മെന്‍സ്ട്രുവല്‍ കപ്പ് ബോധവത്കരണ പരിപാടിയും സൗജന്യ വിതരണവും നടക്കും. മെന്‍സ്ട്രുവല്‍ കപ്പ് സൗജന്യ വിതരണം ഇടപ്പള്ളി, എം.ജി റോഡ്, ആലുവ, കളമശേരി, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, എറണാകുളം സൗത്ത്, വൈറ്റില എന്നീ മെട്രോ സ്റ്റേഷനുകളിലും നടക്കും. എച്ച്.എല്‍.എല്‍, ഐ.ഒ.സി.എല്‍, കൊച്ചി മെട്രോ എന്നിവരുടെ നേതൃത്വത്തിലാണ് മെന്‍സ്ട്രുവല്‍ കപ്പ് സൗജന്യ വിതരണം നടക്കുന്നത്. കലൂര്‍ സ്‌റ്റേഷനില്‍ വൈകിട്ട് 4.30ന് ഫാഷന്‍ ഷോയും, ഫ്ളാഷ് മോബും സംഘടിപ്പിക്കും. ഇതിന് പുറമേ വിവിധ സ്റ്റേഷനുകളില്‍ കലാപരിപാടികളും നടക്കുന്നുണ്ട്.
കൊച്ചി മെട്രോയ്ക്ക് പുറമെ, കെ.എസ്.ആർ.ടി.സിയും വനിതകൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ‘വുമൺ ട്രാവൽ വീക്ക്’ എന്ന പേരിൽ വനിതകളെ ആകർഷിക്കാനായി പുതിയ പദ്ധതിയാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്. സ്‌ത്രീകൾക്കു മാത്രമായി മൂന്നാർ, നെല്ലിയാമ്പതി, വയനാട്, വാഗമൺ, ഗവി എന്നിവടങ്ങളിലേക്കുള്ള യാത്രയാണ് താമരശ്ശേരിയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോ ഒരുക്കിയിരിക്കുന്നത്. സമാനമായ നിരവധി ഓഫറുകൾ മറ്റ് ഡിപ്പോകളും ഒരുക്കിയിട്ടുണ്ട്.
Post Your Comments