ആലപ്പുഴ: ജില്ലയുടെ പുതിയ കളക്ടറായി ഡോ. രേണു രാജ് ഇന്ന് ചുമതലയേറ്റു. ഇതോടെ, രേണു രാജ് ജില്ലയിലെ 53 ആം കളക്ടറായി. ആലപ്പുഴ കളക്ടറായിരുന്ന എ. അലക്സാണ്ടർ വിരമിച്ചതിന് പിന്നാലെയാണ് രേണുവിന്റെ നിയമനം. പുതിയ കളക്ടറെ എ.ഡി.എം ജെ. മോബിയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. മാതാപിതാക്കൾക്കൊപ്പം എത്തിയാണ് രേണു രാജ് കളക്ട്രേറ്റിൽ ചുമതലയേറ്റത്. അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങി രേണു ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി.
Also read: പുടിന്റെ തലയെടുത്താൽ ഏഴരക്കോടി സമ്മാനം : പ്രഖ്യാപനവുമായി റഷ്യൻ കോടീശ്വരൻ
2015 ഐ.എ.എസ് ബാച്ചിൽ ഉൾപ്പെട്ട ഓഫീസറാണ് രേണു രാജ്. രേണു നഗരകാര്യ വകുപ്പിന്റെയും, അമൃത് മിഷന്റെയും ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ, കേന്ദ്ര പട്ടികവർഗ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി, തൃശൂരിലും ദേവികുളത്തും സബ് കലക്ടർ, എറണാകുളം അസിസ്റ്റന്റ് കലക്ടർ എന്നീ ചുമതലകളും രേണു നിർവ്വഹിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ എട്ടാമത്തെ വനിതാ കളക്ടർ ആയിരിക്കുകയാണ് ഇപ്പോൾ രേണു രാജ്.
ഇതോടെ, കേരളത്തിൽ വനിതാ കളക്ടർമാർ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. അന്താരാഷ്ട്ര വനിതാ ദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, 14 ജില്ലകളിൽ 10 എണ്ണവും ഇപ്പോൾ വനിതാ കളക്ടർമാർ ഭരിക്കുകയാണ്. ഇത് സംസ്ഥാനത്തെ വനിതാ മുന്നേറ്റത്തിന്റെ റെക്കോർഡ് നേട്ടം തന്നെ ആവുകയാണ്. ആദ്യമായാണ് ഇത്തരമൊരു സ്ത്രീ പ്രാതിനിധ്യം കേരളത്തിൽ ഉണ്ടാകുന്നത്. തിരുവനന്തപുരത്ത് നവ്ജ്യോത് ഖോസ, കൊല്ലം ജില്ലയിൽ അഫ്സാന പർവീൻ, പത്തനംതിട്ടയിൽ ഡോ. ദിവ്യ എസ് അയ്യർ, ആലപ്പുഴയിൽ ഡോ. രേണു രാജ്, കോട്ടയത്ത് ഡോ. പി.കെ ജയശ്രീ, ഇടുക്കിയിൽ ഷീബ ജോർജ്, തൃശ്ശൂരിൽ ഹരിത വി കുമാർ, പാലക്കാട് മൃൺമയി ജോഷി, വയനാട് എം. ഗീത, കാസർഗോഡ് ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരാണ് കേരളത്തിലെ 10 ജില്ലകളിലെ വനിതാ സാരഥികൾ.
Post Your Comments