ന്യൂഡൽഹി: റഷ്യന്‍ സൈനിക ആക്രമണം നടക്കുന്ന യുക്രെയ്നില്‍ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനം നടത്തിയ സംഭവം വിവാദത്തിൽ. യുക്രൈനിലെ ഇന്ത്യന്‍ എംബസി തങ്ങളെ സഹായിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ആരോപിച്ചത്. എന്നാൽ, എംബസി യുദ്ധം തുടങ്ങുന്നതിനു ആഴ്ചകൾക്ക് മുന്നേ തന്നെ വിദ്യാർത്ഥികളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചു ഭൂരിപക്ഷം വിദ്യാർത്ഥികളും നേരത്തെ തന്നെ നാടണഞ്ഞു.
എന്നാൽ, മടങ്ങാതെ ഇരുന്ന വിദ്യാർത്ഥികളാണ് ഇപ്പോൾ ഉക്രൈനിൽ കുടുങ്ങിപ്പോയത്. തങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം സ്വന്തം പ്രയത്നത്തിലാണ് യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെട്ടതെന്നും തങ്ങളെ ആരും സഹായിച്ചില്ലെന്നുമാണ് ഇവർ പറയുന്നത്. യുക്രെയ്നില്‍ നിന്നും ഹംഗറിയിലേക്ക് കടന്ന് അവിടെ നിന്നും ഇന്ത്യയിലേക്കെത്തിയ ദിവ്യാൻശു സിംഗ് എന്ന വിദ്യാര്‍ത്ഥിയാണ് ഇക്കൂട്ടത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ ആരോപണമുന്നയിച്ചത്. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് റോസാപ്പുവ് നല്‍കിയാണ് വിദ്യാർത്ഥികളെ കേന്ദ്രമന്ത്രിമാര്‍ സ്വീകരിച്ചത്.
എന്നാല്‍, ആവശ്യസമയത്ത് സഹായിക്കാതെ ഒരു പൂവ് തരുന്നതില്‍ എന്താണര്ത്ഥമെന്നാണ് ബീഹാര്‍ സ്വദേശിയായ ഈ വിദ്യാര്‍ത്ഥി ചോദിച്ചത്. വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് ഇക്കാര്യം വിദ്യാര്‍ത്ഥി പറയുകയും ചെയ്തു. ‘ഇന്ത്യന്‍ എംബസിയുടെ ഒരു സഹായവും ലഭിച്ചിട്ടില്ല. ഞങ്ങള്‍ സ്വയം രക്ഷപ്പെടുകയായിരുന്നു. ഞങ്ങള്‍ പത്ത് പേര് സംഘം ചേര്‍ന്നാണ് ഹംഗറിയിലേക്ക് പോയത്. കഷ്ടപ്പെട്ട്, സ്വയം രക്ഷപ്പെട്ട് ഞങ്ങള്‍ ഇവിടെയെത്തി. എന്നിട്ടിതാണ് തന്നത്. എന്താണ് ഞങ്ങളിത് കൊണ്ട് ചെയ്യേണ്ടത്. ഞങ്ങള്ക്കെന്തിങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ കുടുംബം എന്ത് ചെയ്തേനെ,’ ദിവ്യാൻശു ചോദിച്ചു.
ഇപ്പോൾ, ഈ വിദ്യാർത്ഥിക്കെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിരിക്കുന്നത്. ഇവർ സ്വയം കടൽ നീന്തിക്കടന്നാണോ ഇന്ത്യയിലെത്തിയത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. പല വിദ്യാർത്ഥികളും ഉക്രൈൻ അതിർത്തിയിൽ കുടുങ്ങിക്കിടക്കുമ്പോൾ നാട്ടിലെത്താൻ കഴിഞ്ഞത് തന്നെ ഭാഗ്യമെന്ന് കരുതണമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഒരു യുദ്ധമുഖത്താണെന്ന ഓർമ്മ ഇല്ലാതെ, അനാസ്ഥ കാട്ടിയത് വിദ്യാർത്ഥികളാണെന്നും സോഷ്യൽ മീഡിയ പറയുന്നു.
Post Your Comments