സിഡ്‌നി: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) അന്തരിച്ചു.തായ്‌ലൻഡിൽ വോണിന്റെ ഉടമസ്ഥതയിലുള്ള വില്ലയിൽ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യവിവരം. അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
‘ഷെയ്ൻ തന്റെ വില്ലയിൽ ഹൃദയാഘാതം മൂലമാണ് മരിച്ചത്. മെഡിക്കൽ സ്റ്റാഫ് കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല,’ ഓസ്‌ട്രേലിയൻ മാധ്യമമായ ഫോക്‌സ് സ്‌പോർട്‌സിന് നൽകിയ പ്രസ്താവനയിൽ വോണിന്റെ മാനേജ്‌മെന്റ് സ്ഥിരീകരിച്ചു.
എക്കാലത്തെയും, മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന്‍ വോണ്‍ വിലയിരുത്തപ്പെടുന്നത്. വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം തൊണ്ണൂറുകളിൽ വിഖ്യാതമായിരുന്നു. ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്‍റെ പേരിലുണ്ട്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി.
ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി. ഇന്ത്യയിലും വലിയ ആരാധകവ്യൂഹം വോണിനുണ്ടായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്‌ത്തി. ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്‌ന്‍ വോണ്‍. പിന്നീട് ടീമിന്‍റെ ഉപദേശക സ്ഥാനവും വഹിച്ചു.
Post Your Comments