Latest NewsIndiaNews

ഭാരത രത്ന ലഭിച്ച അഞ്ച് വനിതകൾ

ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഭാരത രത്ന. ഭാരത രത്ന അവാര്‍ഡ് നേടുന്നവര്‍ക്ക് പേരിനോടൊപ്പം ചേര്‍ക്കാന്‍ ബഹുമതി പേരുകളൊന്നും നല്‍കാറില്ല. പക്ഷെ, അവര്‍ക്ക് പൗരന്മാരിൽ മുന്തിയ പരിഗണന ലഭിക്കും. സമൂഹത്തിന് ഗുണം ചെയ്യുന്ന, മാതൃകയാകുന്ന പ്രവർത്തികൾ ചെയ്തവർക്കും, രാജ്യത്തിനായി അസാധാരണമായ പ്രകടനങ്ങൾ കാഴ്ചവച്ചവര്‍ക്കും നൽകുന്ന അംഗീകാരമാണ് ഇത്. 1954 ൽ ആരംഭിച്ച അവാർഡ് വിതരണം, നിലവിൽ എത്തി നിൽക്കുന്നത് 48 പേരിലാണ്. ഇതുവരെ ആകെ 48 പേര്‍ക്ക് രാജ്യം ഭാരത രത്‌ന ബഹുമതി നല്‍കിയിട്ടുണ്ട്. അതില്‍ അഞ്ച് പേര്‍ മാത്രമാണ് സ്ത്രീകള്‍.

ഇന്ദിരാ ഗാന്ധി

വരുന്ന, മാര്‍ച്ച് 8ന് വനിതാദിനം ആഘോഷിക്കാനൊരുങ്ങുന്ന വേളയില്‍ ഭാരത രത്ന ബഹുമതിക്ക് അര്‍ഹയായ വനിതകളെ നമുക്ക് പരിചയപ്പെടാം. ഭാരത രത്ന ബഹുമതി ലഭിക്കുന്ന ആദ്യത്തെ സ്ത്രീ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധി ആണ്. 1972ലാണ് ഇന്ദിരാ ഗാന്ധിക്ക് പുരസ്കാരം ലഭിച്ചത്. കൃത്യമായി പറഞ്ഞാൽ, ഭാരത രത്ന പുരസ്കാരം ആരംഭിച്ച് 18 വർഷങ്ങൾക്ക് ശേഷം. 1966 ല്‍ ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1971 ല്‍ ഒരു പ്രത്യേക രാഷ്ട്രമെന്ന നിലയില്‍ ബംഗ്ലാദേശിനെ വിമോചനത്തിന് സഹായിക്കുകയും ചെയ്തു. 1984 ഒക്ടോബര്‍ 31ന് അംഗരക്ഷകരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു.

മദർ തെരേസ

കനിവിന്റെ അമ്മ എന്നാണ് മദർ തെരേസയെ വിശേഷിപ്പിക്കുന്നത്. നിസ്വാര്‍ത്ഥ സേവനത്തിലൂടെ അഗതികളുടെ അമ്മയായ വ്യക്തിത്വം. പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക്, പ്രസ്തുത സേവന പ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. പാവപ്പെട്ടവർക്കായി ജീവിതം മാറ്റി വച്ച അവര്‍ക്ക് 1980 ല്‍ ഭാരത്‌രത്ന അവാര്‍ഡ് ലഭിച്ചു. മാസിഡോണിയയില്‍ ജനിച്ച മദര്‍ തെരേസ പതിനെട്ടാം വയസ്സില്‍ അയര്‍ലണ്ടിലെ ഒരു കൂട്ടം കന്യാസ്ത്രീകളില്‍ ചേര്‍ന്നു. 1929 ല്‍ ഇന്ത്യയിലെത്തി അദ്ധ്യാപികയായി ജോലി ചെയ്തു. സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച മദര്‍ തനിക്ക് സമ്മാനമായി ലഭിച്ച 1,92,000 അമേരിക്കന്‍ ഡോളര്‍ മുഴുവനും ഇന്ത്യയിലെ അവശര്‍ക്കായി ചെലവഴിച്ചു.

അരുണ ആസഫ് അലി

1942 ല്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ മുംബൈയിലെ ഗൊവാലിയ ടാങ്ക് മൈതാനത്ത് ഇന്ത്യന്‍ പതാക ഉയര്‍ത്തി പ്രശസ്തയായ വനിതയാണ് അരുണ ആസഫ് അലി. 1928-ൽ മതം, പ്രായം എന്നീ വ്യത്യാസങ്ങൾ അവഗണിച്ച് 20 വയസ് പ്രായവ്യത്യാസമുള്ള ആസഫ് അലിയെ അവർ വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം അരുണ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. 1930 ല്‍ ദണ്ഡി മാര്‍ച്ചില്‍ പങ്കെടുത്തു. 1932 ല്‍ തിഹാര്‍ ജയിലില്‍ തടവിലാക്കപ്പെട്ടു. തടവുകാരോട് മോശമായി പെരുമാറിയതില്‍ പ്രതിഷേധിച്ച് അവിടെ നിരാഹാര സമരം നടത്തി. ബ്രിട്ടീഷ് ഗവണ്മെന്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാൽ അവർ ഒളിവിൽ പോയി. റാം മനോഹർ ലോഹ്യയുമൊന്നിച്ച് അവർ ഇങ്കിലാബ് എന്ന കോൺഗ്രസിന്റെ മാസിക പുറത്തിറക്കി. സ്വാതന്ത്ര്യ സമര നായിക എന്നാണ് വിശേഷിക്കപ്പെടുന്നത്. 1954 ല്‍ സിപിഐയുടെ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) വനിതാ വിഭാഗമായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1964ല്‍ ലെനിന്‍ പുരസ്‌കാരവും 1992-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു. 1997 ല്‍ ഭാരതം അവര്‍ക്ക് മരണാനന്തര ബഹുമതിയായി ഭാരത രത്നം സമ്മാനിച്ചു.

എം.എസ് സുബ്ബലക്ഷ്മി

കര്‍ണാടക സംഗീത ലോകത്തെ മുന്‍നിരക്കാരിയാണ് എം.എസ് സുബ്ബലക്ഷ്മി. നിരന്തരമായ സാധന കൊണ്ട്‌ ആണ് സുബ്ബലക്ഷ്മി, കർണ്ണാടക സംഗീതത്തിന്റെ ഉയരങ്ങൾ താണ്ടിയത്. 1998 ൽ ഭാരതരത്ന ലഭിച്ചപ്പോൾ, ഈ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ സംഗീതജ്ഞയായി അവർ മാറി. തമിഴ്നാട്ടിലെ സംഗീതജ്ഞരുടെ കുടുംബത്തില്‍ ജനിച്ച എം.എസ് സുബ്ബലക്ഷ്മി, 17ാം വയസ്സില്‍ത്തന്നെ പ്രശസ്തിയാർജ്ജിച്ചു. ‘ശ്രീവെങ്കടേശ സുപ്രഭാതത്തി’ലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീതസാന്ദ്രമാക്കിയ സുബ്ബലക്ഷ്മി മരണം വരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റി. ചലച്ചിത്ര പിന്നണിഗാനമേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ ജനപ്രീതി നേടിയ സംഗീത പ്രതിഭകൾ ഇന്ത്യയിൽ വിരളമാണ്‌. ‘ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ’ എന്നാണ്‌ മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്‌. ‘വൃന്ദാവനത്തിലെ തുളസി’ എന്നായിരുന്നു മഹാത്മാ ഗാന്ധി വിശേഷിപ്പിച്ചത്. റഷ്യ, കാനഡ, കിഴക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും കര്‍ണാടക സംഗീതത്തിന്റെ ശബ്ദങ്ങള്‍ അവര്‍ പരിചയപ്പെടുത്തി.

ലതാ മങ്കേഷ്‌കര്‍

മുപ്പതിലധികം ഭാഷകളിലായി ആയിരക്കണക്കിന് പാട്ടുകള്‍ ആലപിച്ച റെക്കോഡിനുടമയാണ് ലതാ മങ്കേഷ്‌കര്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന പിന്നണി ഗായികയായ അവര്‍ക്ക് 2001 ല്‍ ഭാരതരത്ന അവാര്‍ഡ് ലഭിച്ചു. 1942 ല്‍ മറാത്തി, ഹിന്ദി ചിത്രങ്ങളില്‍ അഭിനേതാവായാണ് ലതാ മങ്കേഷ്‌കര്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് ആണ് സംഗീതത്തിലേക്ക് തിരിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button