മോസ്‌കോ: ഒടുവിൽ, റഷ്യ – ഉക്രൈൻ യുദ്ധത്തിന്റെ ഏഴാം നാൾ ഇന്ത്യയുടെ സമ്മർദ്ദം ഫലം കാണുന്നു. ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ സുരക്തിതരായി അതിർത്തി കടക്കാൻ സംവിധാനം ഒരുക്കണമെന്ന് റഷ്യ. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ ‘ഓപ്പറേഷൻ ഗംഗ’യുമായി സഹകരിക്കാമെന്ന് റഷ്യ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനീസ് അലിപോവ് ആണ് ഉക്രൈനിൽ കുടുങ്ങിയ, ഇന്ത്യക്കാർക്ക് സുരക്ഷിത പാതയൊരുക്കാമെന്ന് വ്യക്തമാക്കിയത്.
ഉക്രൈനിൽ കുടുങ്ങിയവർക്ക് റഷ്യയിലേക്ക് പ്രവേശിക്കാമെന്നും റഷ്യ വഴി ഇന്ത്യയിലേക്ക് പറക്കാൻ വേണ്ട സഹായങ്ങൾ ചെയ്യാമെന്നും റഷ്യ അറിയിച്ചു. ഇതേ ആവശ്യം ഉന്നയിച്ച്, ഇന്ത്യ പലവട്ടം റഷ്യയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ അപ്പോഴൊന്നും റഷ്യ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. കേന്ദ്രസർക്കാരിന്റെ നിരന്തരമായ സമ്മർദത്തിനൊടുവിലാണ് റഷ്യ ഗ്രീൻ സിഗ്നൽ നൽകിയത്. ഇന്ത്യക്കനുകൂലമായ നിലപാട് സ്വീകരിച്ചെങ്കിലും, ഇന്ത്യയുടെ രക്ഷാപ്രവർത്തന ദൗത്യത്തിൽ റഷ്യ എപ്പോൾ പങ്കാളിയാകുമെന്ന കാര്യത്തിൽ കൃത്യത വന്നിട്ടില്ല.
‘ഖാർകീവിലും കിഴക്കൻ ഉക്രൈനിലെ മറ്റു പ്രദേശങ്ങളിലും കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്തിന് പുറത്തെത്തിക്കുന്നതിനായി ഞങ്ങൾ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവരികയാണ്. റഷ്യയിലെ റുസൈൻ പ്രദേശം വഴി ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ എത്രയും പെട്ടന്ന് ഒഴിപ്പിക്കാനാവശ്യമായ സഹായം ചെയ്തുതരണമെന്ന് ഇന്ത്യ ഞങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യയുമായി ഞങ്ങൾ തന്ത്രപരമായ സഖ്യകക്ഷികളാണ്. ഉക്രൈൻ – റഷ്യ വിഷയം ഐക്യരാഷ്ട്രസഭയിൽ എത്തിയപ്പോൾ ഇന്ത്യ സ്വീകരിച്ച നിലപാട് പ്രശംസനീയമാണ്. ആ നിലപാടിന് ഞങ്ങൾ നന്ദിയുള്ളവരായിരിക്കും’, റഷ്യൻ അംബാസിഡർ വ്യക്തമാക്കി.
ഖാർകീവ്, സുമി എന്നിവടങ്ങളിലായി നാലായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് കുടുങ്ങി കിടക്കുന്നത്. ഇവരെയെല്ലാം, റഷ്യ വഴി പുറത്ത് എത്തിക്കാനുള്ള ആലോചനയാണ് നിലവിലുള്ളത്. ഇതിന് കഴിഞ്ഞാൽ, ഒഴിപ്പിക്കൽ പ്രവർത്തനത്തിലെ ഏറ്റവും വലിയ പ്രതിസന്ധിക്ക് അവസാനമാകും. കഴിഞ്ഞ ദിവസം, ഇന്ത്യൻ വിദ്യാർത്ഥിയായ നവീൻ ഖാർകീവിൽ ഷെല്ലാക്രമണത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ഇതോടെ, റഷ്യയ്ക്ക് മേൽ കനത്ത സമ്മർദ്ദമുണ്ടായെന്നാണ് സൂചന. നിരപരാധികളായ ഇന്ത്യൻ വിദ്യാർത്ഥികൾ റഷ്യയുടെ ആക്രമണത്തിൽ ഇരയാക്കപ്പെടുമ്പോൾ, കൈയും കെട്ടി നോക്കിയിരിക്കാൻ കഴിയില്ലെന്ന ശക്തമായ നിലപാട് ഇന്ത്യ സ്വീകരിച്ചെന്നാണ് വിവരം. ഇതാണ്, റഷ്യയുടെ പുതിയ തീരുമാനത്തിന് കാരണമെന്നാണ് സൂചന.
Post Your Comments