തിരുവനന്തപുരം: വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സദാചാര സൈബര്‍ വിദ്വേഷവുമായി ‘ആങ്ങളമാർ’ രംഗത്ത്. സാമൂഹിക മാധ്യമങ്ങളിൽ റിഫ നടത്തിയ, അനാവശ്യ ഇടപെടലുകളാണ് അവളുടെ മരണത്തിലേക്ക് നയിച്ചതെന്ന തരത്തിലുള്ള ‘സദാചാര ആങ്ങളമാരുടെ’ കമന്റുകള്‍ക്കെതിരെ ഡോക്ടര്‍ ഷിംന അസീസ് രംഗത്ത്. ‘പെണ്ണായാല്‍ എന്ത് കോപ്രായം കാണിച്ചാലും സോഷ്യല്‍ മീഡിയയില്‍ റീച്ച് കിട്ടുമെന്നും ഇന്‍സ്റ്റയില്‍ തുള്ളുന്ന സകല മുസ്ലിം പെണ്ണുങ്ങള്‍ക്കും ഇതൊരു പാഠമാണെ’ന്നുമുള്ള കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം ഫേസ്‌ബുക്കിൽ പങ്കുവെച്ചാണ് ഷിംന ഇക്കൂട്ടർക്കെതിരെ വിമർശനം ഉന്നയിക്കുന്നത്.
‘കുട്ടിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച് എന്തൊക്കെയാണ് വിളിച്ച് പറയുന്നത്. ശരിക്കും ഇവരുടെയൊക്കെ പ്രശ്നം എന്താണ്? എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്പേസ് ആണ് സോഷ്യല്‍ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്ട്രെഷന്‍, മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാൻ പഠിക്കണം’, ഷിംന അസീസ് പറയുന്നു.
ഷിംന അസീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഒരു മലയാളി വ്ളോഗര്‍, ഇരുപത് വയസ്സുകാരി മുസ്ലിം പെണ്‍കുട്ടി ദുബൈയില്‍ മരിച്ചു എന്ന വാര്‍ത്തക്ക് കീഴില്‍ വന്ന ചില കമന്റുകള്‍ ആണ് താഴെ കാണുന്നത്. കുട്ടിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച് എന്തൊക്കെയാണ് വിളിച്ച് പറയുന്നത് !!
ശരിക്കും ഇവരുടെയൊക്കെ പ്രശ്നം എന്താണ്? ഒരു വേദിയില്‍ മൈക്ക് കെട്ടി സംസാരിക്കുന്നത് പോലെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വായിൽ കമൻ്റിടുന്നത് എന്ന് അറിയാഞ്ഞിട്ടാണോ? അതോ ഇത്രയും ഉളുപ്പില്ലാഞ്ഞിട്ടോ?
എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്പേസ് ആണ് സോഷ്യല്‍ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്ട്രെഷന്‍ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാൻ പഠിക്കണം.
മനുഷ്യര്‍ എപ്പോ നന്നാവാനാണ് !!
Post Your Comments