കല്‍പ്പറ്റ: കഞ്ചാവ് ഉപയോഗിച്ചെന്ന് ആരോപിച്ച് യുവാവിനെതിരെ കള്ളക്കേസ് എടുത്ത പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വയനാട് പീച്ചങ്കോട് സ്വദേശിയായ തട്ടാങ്കണ്ടി സാബിത് എന്ന യുവാവ് കഞ്ചാവ് ഉപയോഗിച്ചെന്ന് ആരോപിച്ച് വെള്ളമുണ്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി. വെള്ളമുണ്ട എസ്.എച്ച്.ഒ ഷജു ജോസഫ്, ഗ്രേഡ് എസ്.ഐ സുരേന്ദ്രന്‍, ഗ്രേഡ് എ.എസ്.ഐ മുഹമ്മദലി എന്നിവരെയാണ് സംഭവത്തിൽ സസ്‌പെൻഡ് ചെയ്തത്.
ഹെല്‍മറ്റും മാസ്കും ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്തതിനാണ് സാബിതിനെ പൊലീസ് പിടികൂടിയത്. പിന്നീട് പൊലീസ് വ്യാജമായി എന്‍.ഡി.പി.എസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് സാബിത് പരാതിയിൽ പറയുന്നു. യുവാവിനെതിരെ ഉദ്യോഗസ്ഥർ കള്ളക്കേസ് എടുത്തുവെന്ന് ആരോപിച്ച് കുടുംബം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ, എസ്.പി അന്വേഷണം നടത്തി വസ്തുത കണ്ടെത്തിയ സാഹചര്യത്തിലാണ് ഐ.ജി, ഡി.ഐ.ജി എന്നിവര്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.
ഫെബ്രുവരി 2 നാണ് പരാതിക്കിടയായ സംഭവം നടന്നത്. ഹെല്‍മറ്റും, മാസ്കും ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്ത സാബിത്തിനെ വാഹന പരിശോധനക്കിടെ പൊലീസ് പിടികൂടി. രേഖകള്‍ പരിശോധിച്ചതിന് ശേഷം ഉദ്യോഗസ്ഥർ വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം, ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം, 500 രൂപ പിഴയടച്ച് മടങ്ങിയ സാബിത്തിനോട് ഉദ്യോഗസ്ഥർ സ്റ്റേഷനില്‍ അടച്ച പണം തിരിച്ചു വാങ്ങാനും, പണം കോടതിയിൽ അടച്ചാൽ മതിയെന്നും നിർദ്ദേശിച്ചു. ഇതിനെ തുടര്‍ന്ന്, പണം തിരികെ വാങ്ങിയ യുവാവിനെതിരെ പൊലീസ് കഞ്ചാവ് ഉപയോഗിച്ചതിന് കള്ളക്കേസ് എടുക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
Post Your Comments