ലോസ് ആഞ്ചലസ്: പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകൾ റഷ്യയിലെ വരാനിരിക്കുന്ന സിനിമാ റിലീസുകൾ തൽക്കാലത്തേക്ക് നിർത്തിവെച്ചു. വാർണർ ബ്രോസും, ഡിസ്നിയും, സോണിയും അടക്കമുള്ള ലോകപ്രശസ്ത സ്റ്റുഡിയോകളാണ് ഇപ്പോൾ റഷ്യയിൽ സിനിമാ റിലീസ് നിർത്തിവെക്കുകയാണെന്ന് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. വാർണർ ബ്രോസിൻ്റെ ‘ദി ബാറ്റ്മാൻ’, ഡിസ്നിയുടെ ‘ടേണിംഗ് റെഡ്’ എന്നീ സിനിമകൾ ഈ ആഴ്ച റഷ്യയിൽ റിലീസ് ആകേണ്ടിയിരുന്നു.
ഉക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ, റഷ്യയിൽ പിക്സറിൻ്റെ ‘ടേണിംഗ് റെഡ്’ അടക്കമുള്ള സിനിമകളുടെ റിലീസ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതായി ഡിസ്നി വാർത്താകുറിപ്പിൽ അറിയിച്ചു. സംഭവവികാസങ്ങൾ അനുസരിച്ച് ഇക്കാര്യത്തിൽ തുടർ തീരുമാനങ്ങൾ എടുക്കുമെന്ന് ഡിസ്നി വ്യക്തമാക്കി.
അതേസമയം, ഉക്രൈനിലെ ഒഴിപ്പിക്കൽ ദൗത്യത്തിന് ഇന്ത്യൻ വ്യോമസേനയും പങ്കുചേരും. ഇന്ന് മുതൽ സി-17 സൈനിക വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകും. രക്ഷാദൗത്യം ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. ഇന്ത്യക്കാർ ഉടൻ കീവ് വിടണമെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ആൾക്കാരെ ഒഴിപ്പിക്കാൻ ട്രെയിനുകളോ മറ്റു മാർഗങ്ങളോ ഉപയോഗിക്കാൻ ഇന്ത്യൻ എംബസി ശ്രമിച്ചുവരികയാണ്.
Post Your Comments