കീവ്: യുക്രൈന്‍ തലസ്ഥാനം കീവിന് സമീപം സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് നേരെ റഷ്യയുടെ ഷെല്ലാക്രമണം. ബുസോവ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആശുപത്രിക്കുള്ളില്‍ ഉണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചതായി ആശുപത്രി സിഇഒ അറിയിച്ചു.
അതേസമയം, റഷ്യ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിച്ചുവെന്ന് യുക്രൈന്‍ ആരോപിച്ചു. യുക്രൈന്‍ സേന റഷ്യയെ പ്രതിരോധിക്കുന്നത് തുടരുകയാണ്. അതിര്‍ത്തികള്‍ സംരക്ഷിക്കുകയും റഷ്യന്‍ സേന കീവിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നുണ്ട്. ശത്രുസേന അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ മാനദണ്ഡങ്ങള്‍ അവഗണിച്ച് നുഴഞ്ഞ് കയറുകയാണ്. യുക്രൈന്‍ സേനയുടേയും പോലീസിന്റേയും യൂണിഫോം പോലും അവര്‍ നുഴഞ്ഞ് കയറ്റത്തിനായി ദുരുപയോഗപ്പെടുത്തുന്നുവെന്നും യുക്രൈന്‍ പ്രതിരോധമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
വ്യാഴാഴ്ച ആരംഭിച്ച റഷ്യന്‍ അധിനിവേശത്തിനിടെ 352 സാധാരണക്കാരാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് യുക്രൈന്‍ അധികൃതര്‍ പറഞ്ഞു. ഇതില്‍, 14 കുട്ടികളും ഉള്‍പ്പെടുന്നു. ഹര്‍കീവിലെ ജനവാസ മേഖലകളില്‍ റഷ്യയുടെ ആക്രമണം തുടരുകയാണെന്നും, ഇവിടെ തുടര്‍ച്ചയായ ഷെല്ലിങില്‍ കഴിഞ്ഞ ദിവസം 11 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നും യുക്രൈന്‍ അധികൃതര്‍ വ്യക്തമാക്കി.
Post Your Comments