ഹൈദരാബാദ്: പോക്സോ കേസിനെ തുടർന്ന് രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് ഹൈദരാബാദിൽ നിന്ന് അറസ്റ്റിലായി. രണ്ടു വർഷത്തിലധികമായി ബംഗളൂരു, മധ്യപ്രദേശ്, ഭോപ്പാൽ, തെലങ്കാന, അന്ധ്രപ്രദേശ്, കർണ്ണാടക, ഗോവ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ഇയാൾ പല പേരുകളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഹൈദരാബാദിൽ മാധാപ്പൂരിൽ ഒളിച്ച് കഴിയവേയാണ് പ്രതി പിടിയിലായത്.
ചിറക്കടവം തഴയശേരിൽ ആകാശിനെയാണ് ഹൈദരാബാദിൽ നിന്ന് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി ജില്ലാ വൈസ് ചെയർമാനുമായിരുന്നു ആകാശ്. പരിചയക്കാരിയായ യുവതിയുമായും അവരുടെ വിദ്യാർത്ഥിനിയായ മകളുമായും ഇയാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് പീഡിപ്പിച്ച ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. 2019 ഡിസംബറിലാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.
പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു. വിദേശത്തുള്ള സുഹൃത്തിന്റെ വിദേശ നമ്പർ ഉപയോഗിച്ച് വാട്സാപ്പ് വഴി ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടിരുന്നു. ഈ നമ്പർ ട്രാക്ക് ചെയ്തതിലൂടെയാണ് പ്രതി ഹൈദരാബാദിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. അഡ്വ. ആദിത്യവർമ്മ എന്ന പേരിൽ ഹൈദരാബാദിലെ മാധാപ്പൂരിലാണ് പ്രതി ഒളിച്ചു കഴിഞ്ഞത്. ഇവിടുത്തെ ഒരു ഹോസ്റ്റലിലായിരുന്നു പ്രതി താമസിച്ചുവന്നിരുന്നത്. തുടർന്ന് ഈ ഹോസ്റ്റലിലെ ഉടമസ്ഥന്റെ കൈയ്യിൽ നിന്നും ഉടമസ്ഥാവകാശം തട്ടിയെടുത്തു.
അതിന് ശേഷം ഇവിടെ സ്വന്തമായി ഒരു വനിതാ ഹോസ്റ്റൽ അടക്കം നാല് ഹോസ്റ്റലുകൾ നടത്തുകയായിരുന്നു ആകാശ്. ഇതിനിടയിൽ, ഹോസ്റ്റൽ ഉടമയുടെ ഭാര്യയെയും മകളെയും കാണാനില്ലെന്ന് കാട്ടി ഹൈദരാബാദിലെ മാധാപൂർ പൊലീസ് സ്റ്റേഷനിൽ പരാതിയുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം, ഹോസ്റ്റൽ ഉടമയുടെ ഭാര്യയെയും മകളെയും ആകാശിനൊപ്പം പൊലീസ് കണ്ടെത്തുകയായിരുന്നു. കേരള പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ, കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments