ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് വധക്കേസിൽ രണ്ട് എസ്ഡിപിഐ നേതാക്കൾ അറസ്റ്റിൽ. എസ്ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് 16- വാർഡ് ജോയിന്റ് സെക്രട്ടറി അജി എം, എസ്ഡിപിഐ കൈചൂണ്ടി ബ്രാഞ്ച് ജോയിന്റ് സെക്രട്ടറിയായ ആലപ്പുഴ കാളാത്ത് വാർഡിൽ കൊച്ചുപറമ്പിൽ സജീർ. കെ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ഗൂഢാലോചനയിലും കൊലപാതകത്തിനായുളള മുന്നൊരുക്കത്തിലും പങ്കാളികളായവരാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾക്ക് സഞ്ചരിക്കാൻ വാഹനം നൽകിയത് അറസ്റ്റിലായ സജീർ ആണെന്നും പൊലീസ് വ്യക്തമാക്കി.
ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എൻ ആർ ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. ഡിസംബര്‍ 19നാണ് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി പ്രവര്‍ത്തകനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രണ്‍ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്.
അതിനു മുൻപ് ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നിൽ. ഇതിന്‍റെ പ്രതികാരം എന്ന നിലയില്‍ ആയിരിക്കാം ആലപ്പുഴ നഗരഭാഗമായ വെള്ളകിണറില്‍ രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്.
രൺജിത്തിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട പ്രതികള്‍ക്ക് പുറത്തുനിന്നും സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നേക്കാമെന്നായിരുന്നു പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്, കര്‍ണാടക, എന്നീ സംസ്ഥാനങ്ങളില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
Post Your Comments