കീവ് : ഉക്രൈയ്നിലെ തന്ത്രപ്രധാനമായ നാഗദ്വീപിന്റെ കാവലിന് നിയോഗിക്കപ്പെട്ട 13 സൈനികരേയും വധിച്ച് റഷ്യ. ഉക്രൈയ്‌നിലെ തെക്കുകിഴക്കന്‍ അതിര്‍ത്തിയിലുള്ളതാണ് സ്‌നേക് ഐലന്‍ഡ്. ഉദ്ദേശം 42 ഏക്കര്‍ ദ്വീപില്‍ പിടിച്ചെടുത്തതോടെ കരിങ്കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ വരുന്ന സമുദ്രഭാഗവും റഷ്യയുടെ നിയന്ത്രണത്തിലായി. റഷ്യന്‍ സേനയുടെ കീഴടങ്ങല്‍ നിര്‍ദ്ദേശം ചെവിക്കൊള്ളാതെ സധൈര്യം പിടിച്ചുനിന്ന് വീരമൃത്യു വരിച്ച 13 സൈനികര്‍ക്കും മരണാനന്തര ബഹുമതിയായി ഹീറോ ഓഫ് ഉക്രൈയ്ന്‍ പദവി നല്‍കുമെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പ്രഖ്യാപിച്ചു.
തുടക്കത്തില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ദ്വീപ്, 1991-ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്നാണ് ഉക്രൈയ്‌നിന് ലഭിച്ചത്. ഉക്രൈയ്‌നിലെ കരിങ്കടല്‍ തീരത്ത് നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെ ഡാന്യൂബ് ഡെല്‍റ്റയ്ക്ക് സമീപമാണ് സ്‌നേക്ക് ഐലന്‍ഡ്. 2012ലെ കണക്കനുസരിച്ച് 30 ല്‍ താഴെയാണ് ദ്വീപിലെ ജനസംഖ്യ. 2004 മുതല്‍ 2009 വരെ റുമാനിയയും ഉക്രൈയ്‌നും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ ഭാഗമായിരുന്നു ദ്വീപ്. 2004 സെപ്റ്റംബര്‍ 16-ന് ദ്വീപിന്റെ സമുദ്രാതിര്‍ത്തി സംബന്ധിച്ച തര്‍ക്കത്തില്‍ റുമാനിയ ഉക്രൈയ്‌നെതിരെ രാജ്യന്തര നീതിന്യായ കോടതിയെ സമീപിച്ചു. 2009 ഫെബ്രുവരി മൂന്നിന് ഇതില്‍ വിധി പറഞ്ഞു. ഇതുപ്രകാരം ഉക്രൈയ്‌ന്, തര്‍ക്കമുള്ള സമുദ്രപ്രദേശത്തിന്റെ 80% റുമാനിയയ്ക്ക് നല്‍കേണ്ടി വന്നു.
Post Your Comments