Latest NewsInternational

ആദ്യത്തെ റഷ്യൻസൈന്യം ഉക്രൈൻ തലസ്ഥാനമായ കീവിൽ പ്രവേശിച്ചു: പാര്‍ലമെന്‍റ് മന്ദിരത്തിനടുത്തെത്തി, തെരുവ് യുദ്ധം ആരംഭിച്ചു

റഷ്യന്‍ നിയന്ത്രണത്തിലുള്ള കിഴക്കന്‍ നഗരമായ കൊനോടോപ്പില്‍ നിന്നും റഷ്യ സേന തലസ്ഥാനത്തേക്ക് വളരെ വേഗമാണ് എത്തിയത്.

കീവ്: ഉക്രൈന്‍ തലസ്ഥാനമായ കീവ് റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളിലൂടെ റഷ്യന്‍ സേന കീവിൽ പ്രവേശിച്ചു കഴിഞ്ഞു. ഇതോടെ ചെറുത്തുനിൽപ്പുമായി ഉക്രൈൻ സൈന്യവും സിവിലിയന്മാരും രംഗത്തെത്തി. റഷ്യയുടെ ആക്രമണത്തിനിടെ ഒരു ഉക്രൈൻ പൗരൻ തെരുവിൽ മരിച്ചു വീണു. ഇത് കൂടാതെ തകർന്ന കാറിലും ഗുരുതരാവസ്ഥയിൽ ഒരാളെ കാണാൻ കഴിഞ്ഞു. കീവ് ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് റഷ്യ നടത്തിയത്.

റഷ്യന്‍ നിയന്ത്രണത്തിലുള്ള കിഴക്കന്‍ നഗരമായ കൊനോടോപ്പില്‍ നിന്നും റഷ്യ സേന തലസ്ഥാനത്തേക്ക് വളരെ വേഗമാണ് എത്തിയത്. ഇവിടെ നിന്നും സാധാരണക്കാർ നേരത്തെ പലായനം ചെയ്തിരുന്നു. കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ഉക്രൈനെ വരിഞ്ഞ് മുറുക്കിയായിരുന്നു റഷ്യയുടെ ബഹുമുഖ ആക്രമണം. ലോകത്തിലെ ഏറ്റവും വലിയ സൈനികസംഘങ്ങളിലൊന്നായ റഷ്യയുടെ ആക്രമണത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാകില്ലെന്ന് ഉറപ്പായിട്ടും പോരാടുകയാണ് ഉക്രൈന്‍. വിട്ടുകൊടുക്കാനോ ഒളിച്ചോടാനോ തയ്യാറല്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി നയം വ്യക്തമാക്കുകയും ചെയ്തു.

ആദ്യ ദിവസംതന്നെ ഉക്രൈനിലെ പ്രധാന നഗരങ്ങളിലും വ്യോമത്താവളങ്ങളിലും മറ്റ് തന്ത്രപ്രധാന മേഖലകളിലും റഷ്യ ആക്രമണം നടത്തി. പാര്‍ലമെന്‍റ് മന്ദിരത്തിനടുത്ത് റഷ്യന്‍ സൈന്യമെത്തിയെന്നാണ് വിവരം. കീവിലെ ഒബലോണില്‍ വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ട്. ജനവാസ കേന്ദ്രത്തില്‍ സൈനിക ടാങ്കുകളെത്തി. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ജനങ്ങളോട് ഭരണകൂടം ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്നെത്തിയ റഷ്യന്‍ സൈനിക സംഘത്തില്‍ സ്‌പെറ്റ്‌സ്‌നാസ് സംഘവും ഉണ്ട്. ബെലാറസില്‍ സംയുക്ത സൈനികാഭ്യാസ സമയത്ത് തന്നെ ഇവര്‍ ബെലാറസില്‍ എത്തിയിരുന്നുവെന്നാണ് നാറ്റോ വെളിപ്പെടുത്തല്‍.

യുദ്ധ ഭൂമിയിലും രക്ഷാപ്രവര്‍ത്തന മേഖലയിലും മുന്‍പും സ്‌പെറ്റ്‌സ്‌നാസ് സംഘത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇതിനിടെ ഉക്രൈനോട് ആയുധം താഴെവെച്ചാൽ ചര്‍ച്ചയാകാമെന്ന് പുടിൻ വ്യക്തമാക്കി. അതേസമയം, റഷ്യയുടെ ആക്രമണങ്ങള്‍ക്ക് യുക്രൈന്‍ തിരിച്ചടി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ എയര്‍ഫീല്‍ഡിന് നേരെ ഉക്രൈന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് വിവരം. റൊസ്തോവിലാണ് മിസൈല്‍ ആക്രമണമുണ്ടായത്. റഷ്യന്‍ വിമാനങ്ങളുടെ യാത്ര വൈകിപ്പിക്കാനായെന്ന് ഉക്രൈന്‍ സേന അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button