മുംബൈ: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ആര്‍സിബി പോഡ്കാസ്റ്റിലാണ് താരം നായക സ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച് വിശദീകരിച്ചത്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന വിരാട് കോഹ്ലിയുടെ പ്രസ്താവന ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചിരുന്നു.
‘എനിക്ക് കഴിയാത്ത കാര്യങ്ങളില്‍ കടിച്ചു തൂങ്ങി നില്ക്കുന്ന ആളല്ല ഞാന്‍. എനിക്കിനിയും ഏറെ ചെയ്യാന്‍ കഴിയുമെന്ന് അറിയാമെങ്കിലും അത് ഞാന്‍ ആസ്വദിക്കുന്നില്ലെങ്കില്‍ ഞാനത് തുടരില്ല. അത് പുറത്തു നില്‍ക്കുന്നവര്‍ക്ക് ബോധ്യമാകണമെന്നില്ല. കാരണം, അവര്‍ നമ്മുടെ സ്ഥാനത്തു നില്ക്കുമ്പോള് മാത്രമെ അവര്‍ക്കത് മനസിലാവു. പുറത്ത് നില്‍ക്കുന്നവര്‍ക്ക് പല പ്രതീക്ഷകളും കാണും’.
‘അല്ലെങ്കില്‍, ഇതെങ്ങനെ സംഭവിച്ചു എന്നവര്‍ ചിന്തിക്കുന്നുണ്ടാകും. അല്ലെങ്കില്‍ അവര്‍ ഞെട്ടുന്നുണ്ടാവും. പക്ഷെ അങ്ങനെ ഞെട്ടേണ്ട ഒരു കാര്യവുമില്ല. എനിക്ക് ജോലി ഭാരം കുറച്ച് കുറച്ചു കൂടി സമയം കണ്ടെത്തണമായിരുന്നു. അതിനാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. അതവിടെ തീര്‍ന്നു. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞതിനെക്കുറിച്ച് ആളുകള്‍ പല കഥകളും പറയുന്നുണ്ടാവും’.
‘പക്ഷെ ഞാൻ എന്റെ ജീവിതത്തെ വളരെ ലളിതമായാണ് സമീപിക്കുന്നത്. അതുകൊണ്ട് തന്നെ, പ്രചരിക്കുന്ന കഥകളിലൊന്നും കാര്യമില്ല. തീരുമാനമെടുക്കാന്‍ തോന്നിയപ്പോള്‍ എടുത്തു. അത് പ്രഖ്യാപിക്കുകയും ചെയ്തു. ഒരു വര്‍ഷം കൂടി ആ സ്ഥാനത്ത് തുടര്‍ന്നാലും എനിക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. കാരണം, നല്ല ജീവിതം എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അതുപോലെ തന്നെ നല്ല ക്രിക്കറ്റും. എണ്ണത്തെക്കാള്‍ ഗുണത്തിനാണ് ഞാനെപ്പോഴും പ്രാധാന്യം കൊടുക്കുന്നത്’ കോഹ്ലി പറഞ്ഞു.
Post Your Comments