യുദ്ധഭൂമിയിൽ അനാഥരാക്കപ്പെടുന്നത് എപ്പോഴും സ്ത്രീകളും കുട്ടികളുമാണ്. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തു വരുമ്പോൾ ഓർമ്മവരുന്നത് ചരിത്രാതീത കാലം മുതൽക്കേ അനാഥരെന്ന ഭാരം പേറി ജീവിക്കേണ്ടി വന്ന ഒരു പറ്റം മനുഷ്യരെയാണ്. ഗാന്ധാരി മുതൽക്ക് ഐലാൻ കുർദി വരെ ഇത്തരത്തിൽ യുദ്ധത്തിന്റെ ഇരകളാണ്.
എന്തിനാണ് യുദ്ധം ചെയ്യുന്നത്? ആർക്ക് വേണ്ടിയാണ് ഈ മനുഷ്യത്വ വിരുദ്ധമായ പ്രവർത്തിയിൽ നമ്മൾ പങ്കാളികളാവുന്നത്? യുദ്ധത്തിൽ തോറ്റവരുടെ രാജ്യം എത്രത്തോളം ഭയാനകമായ ഒരു അവസ്ഥയിലേക്കാണ് നടന്നു നീങ്ങുന്നതെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ഓരോ യുദ്ധ വാർത്തയും സൃഷ്ടിക്കുന്നത് അതിനു പിറകിൽ അനാഥരാക്കപ്പെട്ട ഒട്ടനേകം മനുഷ്യരുടെ കണ്ണുനീര് കൂടിയാണ്.
രണ്ടോ അതിലധികമോ പ്രദേശങ്ങളോ വിഭാഗങ്ങളോ ചേരി തിരിഞ്ഞ് ആയുധങ്ങളോടു കൂടിയും സേനയെ ഉപയോഗിച്ചും നടത്തുന്ന പോരാട്ടമാണ് യുദ്ധം. കീഴടക്കുക , ഉദ്ദേശ്യം അടിച്ചേൽപ്പിക്കുക , അവകാശം പിടിച്ചു വാങ്ങുക എന്നിവയാകാം യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങൾ രാഷ്ട്രീയം, വ്യവസായം, മതം, വംശീയത എന്നിവയിൽ അടിസ്ഥാനപ്പെട്ടിരിക്കാം, യുദ്ധത്തിന്റെ കാരണമായും ഇവയെ കണക്കാക്കുന്നു. രാഷ്ട്രവൽക്കരണം, സേനാസന്നാഹം എന്നിവ നൂതനയുഗത്തിൽ യുദ്ധത്തിനു വഴിതെളിച്ചു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അതിരുതർക്കം യുദ്ധത്തിനു കാരണമാകാം. യുദ്ധത്താൽ നാശനഷ്ടങ്ങൾ വളരെ വലിയ അളവിൽ സംഭവിക്കുന്നു.
ഒന്നാം ലോകമഹായുദ്ധം നൽകിയ ദുരിതങ്ങൾ പേറുന്നവരാണ് ഇന്നും പല മനുഷ്യരും പലരാജ്യങ്ങളും. അനേകം വേനലും മഴയും മഞ്ഞും വന്നുപോയിട്ടും ഒരു വിത്ത് പോലും മുളയ്ക്കാത്ത ഭൂമികൾ ലോകചരിത്രത്തിൽ ഉണ്ട്. ജനിക്കുന്ന കുട്ടികൾ പോലും ചെയ്യാത്ത തെറ്റിന്റെ പേരിൽ ഇന്നും നരകിക്കേണ്ടിവരുന്നതിന്റെ പേരാണ് യുദ്ധം. ഹിരോഷിമയിലും നാഗസാക്കിയിലുമെല്ലാം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കും വിധമാണ് യുദ്ധം വന്നു പതിച്ചത്.
മനുഷ്യർക്ക് മാത്രമല്ല പരിസ്ഥിതിയ്ക്കും വളരെയേറെ ആഘാതമുണ്ടാക്കുന്നതാണ് യുദ്ധങ്ങൾ. ആണവായുധങ്ങളിലേക്ക് യുദ്ധത്തിന്റെ ഭീകരത മാറുമ്പോൾ അവിടെ ഇല്ലാതാകുന്നത് ഒരു പരിസ്ഥിതി തന്നെയാണ്. അവിടെ നശിക്കുന്നത് മനുഷ്യർക്കൊപ്പം തന്നെ അനേകം ജീവജാലങ്ങളാണ്.
യുദ്ധം പലപ്പോഴും ആണധികാരത്തിന്റെ ഒരു സ്വരൂപമായാണ് കാണപ്പെടുന്നത്. ചരിത്രത്തിൽ നിലനിൽപ്പിനു വേണ്ടി യുദ്ധം ചെയ്ത വനിതകളുണ്ടെങ്കിൽ പോലും യുദ്ധം ആൺ മേൽക്കോയ്മയുടെയും കരുത്ത് തെളിയിക്കുന്നതിന്റെയും പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. പലസ്തീനിലും, ഇസ്രായേലിലും, ഇറാഖിലുമെല്ലാം ഇന്നും യുദ്ധം വരുത്തിത്തീർത്ത ദുരിതങ്ങൾക്ക് മുകളിൽ ചവിട്ടിയാണ് അമ്മമാർ കുട്ടികളെ പാലൂട്ടുന്നത്.
യഥാർത്ഥത്തിൽ ഇന്ത്യ എന്ന രാജ്യത്ത് ജനിച്ചതിൽ നമ്മൾ അഭിമാനിക്കേണ്ടിയിരിക്കുന്നു. കരുത്തുകൊണ്ട് എന്നതിനേക്കാൾ സൗഹൃദം കൊണ്ട് നമ്മുടെ രാജ്യം പലപ്പോഴും പല പ്രതിസന്ധികളെയും മറികടന്നിട്ടുണ്ട്. ചരിത്രാതീത കാലങ്ങൾക്കപ്പുറം ഇന്ത്യയിൽ യുദ്ധങ്ങളോ മറ്റ് അതിഭീകരമായ അക്രമങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇവിടെ നമ്മൾ സമാധാനമായി ഉറങ്ങുന്നുണ്ട്, ഒരു ബോംബോ അല്ലെങ്കിൽ ഒരു മിസൈലോ നമ്മുടെ കൂരയ്ക്കു മേൽ വന്നു പതിക്കില്ല എന്ന വിശ്വാസം ഇവിടെ നമുക്കുണ്ട്. യുദ്ധങ്ങൾ ഉണ്ടാവാതിരിക്കട്ടെ, ഈ ഭൂമിയിൽ ആരും അനാഥരായി ജനിക്കാതിരിക്കട്ടെ, ഒരു സ്ത്രീയും ഇനിയും ആണധികാരത്തിന്റെ അടിമയായി ഭൂമിയിൽ ജീവിക്കാൻ ഇടവരാതിരിക്കട്ടെ.
-സാൻ
Post Your Comments