മോസ്‌കോ: ഉക്രെയ്നെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതോടെ രാജ്യാന്തര ഓഹരിവിപണികള്‍ കൂപ്പുകുത്തി. ആഗോള സാമ്പത്തിക വിപണിയില്‍ ഏറെ പരിഭ്രാന്തി ഉയര്‍ത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ക്രൂഡ് ഓയില്‍ വില 100 ഡോളറിന് മുകളിലെത്തി. ഓഹരി വിപണികളിലും തകര്‍ച്ച നേരിടുന്നുണ്ട്. സെന്‍സെക്‌സ് 1300 പോയിന്റ് ഇടിഞ്ഞു. സ്വര്‍ണവില പവന് 680 രൂപയും ഉയര്‍ന്നിട്ടുണ്ട്.
രാവിലെ 9.20ലെ കണക്കുപ്രകാരം ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 1.1ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,932 ഡോളര്‍ നിലവാരത്തിലെത്തി. സംസ്ഥാനത്ത് സ്വര്‍ണവില പവന് 680 രൂപ കൂടി 37,480 രൂപയിലെത്തി. ഗ്രാമിന് 4685 രൂപയുമായി. ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഏഷ്യന്‍ വിപണികളും വലിയ തകര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.
അസംസ്‌കൃത എണ്ണവില ബാരലിന് നൂറ് ഡോളറാണ് കടന്നത്. ആഗോള സമ്പദ് വ്യവസ്ഥയ്‌ക്ക് തന്നെ വലിയ വെല്ലുവിളിയാണ് റഷ്യ-ഉക്രെയ്ന്‍ യുദ്ധമെന്ന് ലോകരാജ്യങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉക്രെയ്‌നെതിരെ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ആഗോള എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നത്. ഇന്ത്യ പ്രതിവര്‍ഷം 85 ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്.
റഷ്യയില്‍ നിന്ന് നേരിട്ട് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് കുറവാണെങ്കിലും ആഗോളവിലയിലെ തീവില ഇന്ത്യയിലെ ഇന്ധന കമ്പനികളേയും സമ്മര്‍ദ്ദത്തിലാക്കും. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നത് രാജ്യത്തെ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാകും. യുക്രൈനുമായി ബന്ധപ്പെട്ട് റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള പിരിമുറക്കം എണ്ണവിലയില്‍ ഇനിയും വര്‍ധനവുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
Post Your Comments