കൊച്ചി: മർദ്ദനത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൃക്കാക്കര സ്വദേശിയായ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തെങ്ങോടുള്ള ഫ്ലാറ്റിൽ വാടകയ്ക്കു താമസിക്കുന്ന കുമ്പളം സ്വദേശിനിയുടെ മകളാണ് അക്രമത്തിനിരയായത്. കുഞ്ഞിന്റെ ശരീരത്തിലെ പരുക്കുകള്‍ പല നാളുകളായി സംഭവിച്ചതാണെന്ന് ഡോക്ടര്‍മാർ വ്യക്തമാക്കി. കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് ഇവർക്കെതിരെ കേസെടുത്തിരുന്നു.
എന്നാൽ കുഞ്ഞിനു മർദനമേറ്റതു സംബന്ധിച്ച് കുട്ടിയുടെ അമ്മയും അമ്മൂമ്മയും ഡോക്ടര്‍മാരോടും പൊലീസിനോടും പറയുന്നത് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ്. അതേസമയം, കുട്ടിയുടെ അമ്മയുടെ സഹോദരിയുടെയും സഹോദരിയുടെ പങ്കാളിയുടെയും നീക്കങ്ങള്‍ പൊലീസ് നിരീക്ഷിക്കുകയാണ്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ പുലർച്ചെ 2ന് കുഞ്ഞിന്റെ അമ്മയുടെ സഹോദരിയും അവരുടെ പങ്കാളിയും ഫ്ലാറ്റില്‍നിന്ന് കാറില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഒരു മാസം മുന്‍പാണ് കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ പങ്കാളിയായ പുതുവൈപ്പ് സ്വദേശി ആന്റണി ടിജിന്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്തത്. സൈബര്‍ പൊലീസ് ഉദ്യോഗസ്ഥനായ താന്‍ കാനഡയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ചതാണെന്നും ഭാര്യയും മൂന്നു വയസ്സുള്ള മകനും ഭാര്യാ സഹോദരി, അമ്മ എന്നിവർ ഒപ്പമുണ്ടെന്നുമാണ് ഫ്ലാറ്റ് ഉടമയോട് പറഞ്ഞത്. എന്നാൽ, ഫ്ലാറ്റ് ഉടമയോ ഫ്ലാറ്റിലുള്ള മറ്റുള്ളവരോ ഇയാള്‍ക്കൊപ്പം താമസിക്കാനെത്തിയ സ്ത്രീകളെ കണ്ടിട്ടില്ല. ഏത് സമയവും അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു ഫ്ലാറ്റ്.
Post Your Comments