ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 950 അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 17ന് വിശദമായ വിജ്ഞാപനം പുറത്തിറങ്ങി. തിരുവനന്തപുരത്തും കൊച്ചിയിലുമായി 54 ഒഴിവുകളാണുള്ളത്. ഹൈദരാബാദിൽ 40 ഒഴിവുകളുണ്ട്. ബിരുദം പാസായവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മാർച്ച് 8 ആണ്. അപേക്ഷിക്കുന്നതിന് മുമ്പ്, വിശദമായ വിജ്ഞാപനം വായിച്ച് യോഗ്യതകളുടെ വിശദാംശങ്ങൾ അറിയുക.
ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനം മാർക്കോടെ ഏതെങ്കിലും ബിരുദം നേടിയിരിക്കണം. അപേക്ഷകർ 2022 ഫെബ്രുവരി 1ന് 20നും 28നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസി വിഭാഗക്കാർക്ക് 3 വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവുമാണ് ഇളവ്. പ്രിലിമിനറി, മെയിൻ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
ഭാഷാ പ്രാവീണ്യം പരീക്ഷ പ്രാദേശിക ഭാഷയിലാണ്. തിരുവനന്തപുരത്തെ ആർബിഐ ഓഫീസിൽ ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് മലയാളം ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് ഉണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 55,700 രൂപയാണ് ശമ്പളം. ബേസിക് 20,700 രൂപയായിരിക്കും.
അപേക്ഷകർ 2022 മാർച്ച് 8-നകം ഫീസ് അടയ്‌ക്കലും അപേക്ഷാ സമർപ്പണവും പൂർത്തിയാക്കണം. അപേക്ഷയിലെ തെറ്റുകൾ തിരുത്താനുള്ള അവസാന തീയതിയും 2022 മാർച്ച് 8 ആണ്. പ്രിന്റ് അപേക്ഷ 2022 മാർച്ച് 23 വരെ എടുക്കാം. ഓൺലൈൻ പ്രിലിമിനറി പരീക്ഷ 2022 മാർച്ച് 26, 27 തീയതികളിലും മെയിൻ പരീക്ഷ 2022 മേയിലും നടക്കും.
ആർബിഐ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് 2022; അപേക്ഷിക്കുന്നതിനായി https://opportunities.rbi.org.in/ എന്ന വെബ്സൈറ്റ് തുറക്കുക.
Post Your Comments