വാഷിങ്ടൺ: ട്വിറ്റർ ഉൾപ്പെടെ പ്രമുഖ സമൂഹ മാധ്യമങ്ങൾ വിലക്കിയതിനെ തുടർന്ന് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായി മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ‘ട്രൂത്ത് സോഷ്യൽ’ എന്ന ട്രംപിന്റെ സമൂഹമാധ്യമ സംരംഭം ഞായറാഴ്ച മുതൽ ആപ്പിളിന്റെ യുഎസ് ആപ് സ്റ്റോറിൽ ലഭ്യമായിത്തുടങ്ങി. ട്വിറ്ററിന്റേതിന് സമാനമായ രൂപകൽപനയാണ് ‘ട്രൂത്ത് സോഷ്യൽ’ അപ്പിന്റെത്. നിലവിൽ ഇത് ഇന്ത്യയിൽ ലഭ്യമല്ല. ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിനു കീഴിലാണ് ‘ട്രൂത്ത് സോഷ്യലി’ന്റെ പ്രവർത്തനം.
വിവാദപരമായ പ്രസ്താവനകൾ കൊണ്ട് കഴിഞ്ഞ വർഷം നിരവധി സമൂഹമാധ്യമ വിലക്കിന് വിധേയനായ ട്രംപിന്റെ സമൂഹ മാധ്യമങ്ങളിലേക്കുള്ള തിരിച്ചുവരവായാണ് യുഎസ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. 2021 ജനുവരിയിൽ വാഷിങ്ടണിലെ യുഎസ് ക്യാപിറ്റോളിന് നേരെയുണ്ടായ ട്രംപ് അനുകൂലികളുടെ ആക്രമണത്തെ തുടർന്ന്, അക്രമത്തിന് പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ട്രംപിനെ ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വിലക്കിയിരുന്നു.
Post Your Comments