ഗോവ: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ്–എടികെ മോഹൻ ബഗാൻ മത്സരത്തിന് ശേഷം നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ തന്റെ കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് ബഗാൻ താരം സന്ദേശ് ജിങ്കാൻ രംഗത്ത്. തന്റെ ഭാഗത്തു നിന്ന് സംഭവിച്ച പിഴവിന്റെ പേരിൽ കുടുംബാംഗങ്ങളെ ശിക്ഷിക്കരുതെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ജിങ്കാൻ ആവശ്യപ്പെട്ടു.
ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം മടങ്ങുമ്പോൾ, ‘ഞങ്ങൾ മത്സരിച്ചത് സ്ത്രീകളോടൊപ്പം’ എന്നായിരുന്നു ജിങ്കാന്റെ പരാമർശം. ബ്ലാസ്റ്റേഴ്സ് ടീമിനെയും സ്ത്രീകളെയും ജിങ്കാൻ അവഹേളിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് ട്വിറ്ററിലൂടെ ജിങ്കാൻ മാപ്പപേക്ഷ നടത്തി. എന്നാൽ, ആരാധകരുടെ രോഷം അടങ്ങുന്നില്ലെന്ന് വന്നതോടെയാണ് ജിങ്കാൻ വീഡിയോയുമായി രംഗത്തെത്തിയത്.
‘എന്റെ ഭാഗത്തുനിന്ന് സംഭവിച്ച ഒരു പിഴവിന്റെ പേരിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ ഒട്ടേറെ കാര്യങ്ങൾ സംഭവിച്ചു. മത്സരച്ചൂടിന്റെ ആവേശത്തിൽ ഞാൻ പറഞ്ഞുപോയ വാക്കുകളാണ് അത്. അത് തെറ്റായിപ്പോയി. അതിൽ എനിക്ക് വിഷമമുണ്ട്. ഞാൻ ഖേദിക്കുന്നു. എന്റെ വാക്കുകൾ ഒട്ടേറെപ്പേരെ വിഷമിപ്പിച്ചതായി മനസ്സിലാക്കുന്നു. അതിൽ ഞാനും എന്റെ കുടുംബാംഗങ്ങളുമുണ്ട്. സംഭവിച്ചു പോയ പിഴവ് മായ്ക്കാനാകില്ല. പക്ഷേ, എനിക്കു ചെയ്യാനാകുന്ന കാര്യം, ഈ പിഴവിൽ നിന്ന് പാഠം പഠിച്ച് ഇത്തരത്തിൽ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക എന്നതാണ്’. ജിങ്കാൻ പറഞ്ഞു.
‘എന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവിന്റെ പേരിൽ കുടുംബാംഗങ്ങളുടെ നേർക്കും കടുത്ത പ്രതിഷേധമാണ് ഉണ്ടാകുന്നത്. എല്ലാവർക്കും എന്നോട് ദേഷ്യമുണ്ടെന്ന് അറിയാം. പക്ഷേ, എന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതും വംശീയമായി അധിക്ഷേപിക്കുന്നതും അംഗീകരിക്കാനാകില്ല. അങ്ങനെ ചെയ്യരുത്. എന്റെ വാക്കുകൾക്ക് മാപ്പു ചോദിക്കുന്നു. ഇനി ആവർത്തിക്കില്ല.’ ജിങ്കാൻ പറഞ്ഞു.
— Sandesh Jhingan (@SandeshJhingan) February 21, 2022
Post Your Comments