പാലക്കാട്: അട്ടപ്പാടിയില്‍ ഭക്ഷണം മോഷ്ടിച്ചെന്ന കുറ്റമാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന മധുവെന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് നാല് വർഷം. നീതി തേടിയുള്ള പോരാട്ടത്തിൽ മധുവിന്റെ കുടുംബത്തിന് സമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്നത് ഭീഷണിയും ഒറ്റപ്പെടുത്തലുകളുമായിരുന്നു. വിശപ്പടക്കാന്‍ ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റത്തിന് മുക്കാലിയിലെ വ്യാപാരികളും ടാക്സി ഡ്രൈവര്‍മാരുമടങ്ങുന്ന പതിനാറംഗ സംഘം ആള്‍ക്കൂട്ട വിചാരണ നടത്തി കൊന്നുകളഞ്ഞ മധു ഓരോ മലയാളികളുടെയും കണ്ണീരോർമ്മയാണ്.
കേസിലെ വിചാരണ നീണ്ടു പോകാൻ കാരണം സർക്കാർ അനാസ്ഥയെന്ന് ആരോപിച്ച് കുടുംബം. ഇനിയെങ്കിലും സർക്കാർ ഒപ്പമുണ്ടാകണമെന്ന അപേക്ഷയാണ് കുടുംബം മുന്നോട്ടുവെയ്‌ക്കുന്നത്. കേസ് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം ഉണ്ടായിട്ടുണ്ട്. രാഷ്‌ട്രീയ ഇടപെടലുകളും ഇതിന് കാരണമായെന്ന് കുടുംബം പറയുന്നു. മധു കൊല്ലപ്പെട്ടിട്ട് ഇന്നേയ്‌ക്ക് നാല് വർഷം തികയുമ്പോഴാണ് കുടുംബത്തിന്റെ പ്രതികരണം. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞയാഴ്ചയാണ് മധുവിന്‍റെ കേസിന് ജീവന്‍ വച്ചത്.
എല്ലാ ആഴ്ചയും കേസ് പരിഗണിക്കാനാണ് മണ്ണാര്‍കാട് കോടതി തീരുമാനം. സാക്ഷികളിൽ ചിലർ കൂറുമാറിയാലും കേസ് ജയിക്കാനുള്ള തെളിവുകള്‍ വേറെയുണ്ടെന്ന് എന്നാണ് പ്രോസിക്യൂട്ടര്‍ നൽകുന്ന ആത്മവിശ്വാസം. മധുവിന്‍റെ മരണശേഷം ഇവരുടെ കുടുംബത്തിന്‍റെ പിന്നീടുള്ള ജീവിതം കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയായിരുന്നു. കേസില്‍ നിന്നു പിന്തിരിപ്പിക്കാന്‍ വീടുകയറി അക്രമിക്കാന്‍ ശ്രമിച്ചു. ഊരില്‍ നിന്നടക്കം ഒറ്റപ്പെടുത്തിയതിന്‍റെ വേദന മധുവിന്‍റെ സഹോദരിയുടെ വാക്കുകളിലുണ്ട്.
ഇപ്പോഴും ചോദിക്കാനും പറയാനും ആരുമില്ലാത്തവരെന്ന് മധുവിന്‍റെ അമ്മ പേടിയോടെ പറയുന്നു. വീടിനുള്ളിൽ കടന്ന് ചിലർ ഭീഷണിപ്പെടുത്തി. പ്രതികളിൽ നിന്നും കുടുംബം ലക്ഷങ്ങൾ വാങ്ങിയെന്നുൾപ്പെടെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു. തങ്ങൾ പണം കണ്ടിട്ട് ജീവിച്ചു വന്നവരല്ലെന്നും നീതിക്കായി പോരാടുമെന്നും കുടുംബം വ്യക്തമാക്കുന്നു. 2018 ഫെബ്രുവരി 22 ന് ഉച്ചയോടെ ആള്‍ക്കൂട്ടം മധുവിനെ കാട്ടില്‍ കയറി പിടിച്ച് മുക്കാലിവരെ വിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
അട്ടപ്പാടി മധുകൊലക്കേസിൽ ഇക്കഴിഞ്ഞ പതിനാറാം തിയതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനെ നിയമിച്ച് ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോൻ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടറാണ്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം. നാലുവർഷമായിട്ടും മധുകേസിൽ വിചാരണ നടപടികൾ പൂർത്തിയാവാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഹൈക്കോടതി ഇടപെട്ടാണ് കേസ് പരിഗണിക്കുന്നത് നേരത്തെയാക്കിയത്.
Post Your Comments