ബംഗളൂരു: കര്‍ണാടകയിൽ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹർഷയെ കൊലപ്പെടുത്തിയത് ജിഹാദികൾ ആണെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചു. ഹർഷയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹാഷ്ടാഗും മെഴുകുതിരികളുമില്ല എന്ന് അദ്ദേഹം വികാരാധീനനായി പ്രതികരിച്ചു. ‘കൊല്ലപ്പെട്ടത് ഷർഷ. കൊന്നത് ജിഹാദികൾ. ഹാഷ്ടാഗുമില്ല മെഴുകുതിരിയുമില്ല. ഒരു വരി വാർത്ത പോലുമില്ല’, സുരേന്ദ്രൻ വ്യക്തമാക്കി.
സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന് 270 കിലോമീറ്റർ അകലെയുള്ള ശിവമോഗ ജില്ലയിലെ സീഗെഹട്ടി പ്രദേശത്ത് വെച്ച് ഞായറാഴ്ച രാത്രിയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷ (26) കൊല്ലപ്പെട്ടത്. അജ്ഞാത സംഘമാണ് യുവാവിനെ കൊലപ്പെടുത്തിയത്. മാരകായുധങ്ങളുമായി എത്തിയ സംഘം ഹർഷയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. അക്രമികൾ കഞ്ചാവ് ലഹരിയിലായിരുന്നു എന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. പരിക്കേറ്റ ഹർഷയെ നാട്ടുകാർ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, നിലവിലെ ഹിജാബ് നിരോധനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം നിർബന്ധമാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് ഹർഷയെ കൊലപ്പെടുത്തിയതെന്ന ആരോപണവും ചിലർ ഉന്നയിച്ചു. ഊർജ്ജിതമായി അന്വേഷണത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഹർഷയുടെ കൊലപാതകത്തിന് ഹിജാബ് വിവാദവുമായി യാതൊരു പങ്കുമില്ലെന്നും അത്തരം പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും കർണാടക മന്ത്രി കെ.എസ് ഈശ്വരപ്പ വ്യക്തമാക്കി.
ഹർഷയ്ക്ക് വധഭീഷണികൾ നിരന്തരം വന്നിരുന്നു എന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവം ദൗർഭാഗ്യകരമാണെന്നും പോലീസ് കേസ് അന്വേഷിക്കുന്നുണ്ടെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടർന്ന് ശിവമോഗയില്‍ ബജ്റംഗദൾ പ്രവർത്തകർ പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ശിവമോഗ നഗരത്തിലെ സീഗെഹട്ടി മേഖലയില്‍ നാല് വാഹനങ്ങള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. അക്രമികളെ പിരിച്ചു വിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘർഷാവസ്ഥ കണക്കിലെടുത്ത് ശിവമോഗയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Post Your Comments