ആലപ്പുഴ: കുമാരപുരത്തെ ബി.ജെ.പി പ്രവർത്തകൻ ശരത് ചന്ദ്രന്റെ കൊലപാതക കേസിൽ മുഖ്യപ്രതി പിടിയിലായി. ശരത് ചന്ദ്രന്റെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മുഖ്യപ്രതി നന്ദു പ്രകാശിനെയാണ് പൊലീസ് പിടികൂടിയത്. കേസിൽ നേരത്തെ അറസ്റ്റിലായ 6 പ്രതികളെ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്ന് ഹരിപ്പാട് പൊലീസ് വ്യക്തമാക്കി.
കേസിൽ കുമാരപുരം സ്വദേശികളായ ശിവകുമാർ, ടോം തോമസ്, വിഷ്ണു, സുമേഷ്, സൂരജ്, കിഷോർ എന്നിവർ നേരത്തെ അറസ്റ്റിലായി. ഇവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
കുമാരപുരം പുത്തൻകരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് സംഘം ശരത് ചന്ദ്രനെ കൊലപ്പെടുത്തിയത്. തൃക്കുന്നപ്പുഴ കിഴക്കേക്കര സ്വദേശിയായ ശരത് ചന്ദ്രൻ ആർ.എസ്.എസിലെ മുഖ്യ ശിക്ഷക് ആയിരുന്നു. ശരത്തിന്റെ കുടുംബത്തിന് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്. ഇവർക്ക് അടച്ചുറപ്പുള്ള ഒരു വീട് പോലുമില്ല. സിവിൽ എൻജീനീയറിംഗ് ഡിപ്ലോമ പൂർത്തിയാക്കിയ ശരത്തിന് സൈനികനാകാൻ ആയിരുന്നു ആഗ്രഹം. മയക്കുമരുന്ന് ഗുണ്ടാ മാഫിയയാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
Post Your Comments