തിരുവനന്തപുരം: അസ്വാഭാവിക മരണങ്ങളിലും കൊലപാതകങ്ങളിലും ഇൻക്വസ്റ്റ് നടപടികൾക്കിടെയുള്ള പ്രേത പ്രയോഗം ഒഴിവാക്കാനൊരുങ്ങി ആഭ്യന്തരവകുപ്പ്. പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത നൽകിയ പരാതിയിലാണ് മൃതദേഹത്തെ പ്രേതമായി ചിത്രീകരിക്കുന്ന പദങ്ങൾ ഒഴിവാക്കാൻ ധാരണയിലെത്തിയത്.
പകരം, പുതിയ പദങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
അസ്വാഭാവിക മരണങ്ങൾ നടന്നാല്‍ പ്രേതങ്ങൾ അലഞ്ഞ് തിരിഞ്ഞ് ആരുടെയെങ്കിലും ശരീരത്തിൽ കയറുമെന്ന അന്ധവിശ്വാസം നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ മറ്റൊരു പതിപ്പാണ് പോലീസിലെ പ്രേത പരിശോധന.കൊലപാതകമോ, അസ്വാഭാവിക മരണമോ നടന്നാൽ പോലീസ് നടത്തുന്ന പ്രാഥമിക പരിശോധനക്കാണ് ‘പ്രേത പരിശോധന’ എന്ന് പറയുന്നത്. പരിശോധനക്ക് ശേഷം തയ്യറാക്കുന്ന റിപോർട്ട് ‘പ്രേത വിചാരണ റിപ്പോർട്ട്’ എന്നും അറിയപെടുന്നു.
Read Also : ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു: സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ
മൃതദേഹത്തിന് കാവൽ നിൽക്കുന്ന പോലീസുകാരുടെ ജോലിക്ക് പ്രേത ബന്തവസ്സ് ഡ്യൂട്ടി എന്നാണ് പറയുന്നത്. കോളോണിയൽ കാലത്ത് തുടങ്ങിയ പദപ്രയോഗം ആധുനിക പോലീസ് സേന ഉപയോഗിക്കുന്നത് മൃതദേഹത്തെ അപമാനിക്കലാണെന്ന് പരാതിക്കാരൻ പറയുന്നു. മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും ഉൾപ്പടെ പരാതി നൽകി. മൃതദേഹത്തെ പ്രേതമെന്ന് വിശേഷിപ്പിക്കുന്നതിന് പകരം മറ്റ് പദങ്ങൾ ഉപയോഗിക്കാൻ പോലീസിന് നിർദേശം നൽകാനാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.
Post Your Comments