തിരുവനന്തപുരം: ഏതു കാട്ടിലും മലയിലും ഓടിക്കയറുന്നതിനായി മലയോരമേഖലകളിലെ പൊലീസ് സ്റ്റേഷനിലേക്ക് സര്‍ക്കാര്‍ നല്‍കിയതാണ് ഗൂര്‍ഘ ജീപ്പുകള്‍. പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് സ്റ്റേഷനും ഒരു ഗൂര്‍ഘ ജീപ്പ് ലഭിച്ചിരുന്നു. കൊക്കാത്തോട്, തണ്ണിത്തോട് വനമേഖലയിലെ ദുര്‍ഘടമായ പാതകള്‍ താണ്ടുന്നതിന് വേണ്ടിയാണ് ജീപ്പ് നല്‍കിയത്. ഇപ്പോള്‍ ഈ ജീപ്പിനെ ചൊല്ലി വിവാദം കൊഴുക്കുകയാണ്.
കൊക്കാത്തോട് വനമേഖലയിലെ ആലുവാംകുടി കാനനക്ഷേത്രത്തില്‍ ഈ ജീപ്പ് കൊണ്ടു പോയി പൂജിച്ചുവെന്നും മാലചാര്‍ത്തിയെന്നുമാണ് വിവാദം. എല്ലാ മലയാളമാസവും ഒന്നാം തീയതിയാണ് ആലുവാംകുടി ക്ഷേത്രം തുറക്കുന്നത്. അന്ന് മാത്രമാണ് ഭക്തര്‍ക്ക് പ്രവേശനം. കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ തകര്‍ന്നു പോയ ഈ ക്ഷേത്രത്തിൽ വനംവകുപ്പിന്റെ അനുമതിയില്ലാതെ പ്രവേശിക്കാന്‍ കഴിയില്ല.
ഗൂര്‍ഘ ജീപ്പ് കിട്ടിയതിന്റെ പിറ്റേന്നു ആലുവാംകുടിയിൽ കൊണ്ടുപോയി. കുംഭമാസം ഒന്നാം തീയതി നട തുറന്നതിനോട് അനുബന്ധിച്ച് സുരക്ഷ ഒരുക്കാന്‍ പോയതായിരുന്നു. പുതിയ വാഹനം ആലുവാംകുടി ക്ഷേത്രത്തില്‍ എത്തിച്ച് പൂജ നടത്തിയെന്ന തരത്തിലുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇതിനു പിന്നാലെ വിശാരീകരണവുമായി പോലീസ് രംഗത്തെത്തി.
വാഹനപൂജ നടത്തിയത് അല്ലെന്നും ക്ഷേത്രത്തിലെ പൂജാരി തന്റെ വിശ്വാസത്തിന്റെ ഭാഗമായി ഒരു മാല ചാര്‍ത്തിയതാണെന്നുമാണ് തണ്ണിത്തോട്ടിലെ പൊലീസുകാര്‍ പറയുന്നത്. നേരത്തേയും വാഹനവുമായി എത്തുമ്പോൾ ഇങ്ങനെ ചെയ്യാറുണ്ടെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും പൊലീസ് പറയുന്നു
Post Your Comments