ന്യൂഡൽഹി : അച്ഛന്റെ ഉപദ്രവം പേടിച്ച് ബംഗ്ലാദേശില്‍ നിന്നും ഒളിച്ചോടിയ 15 വയസ്സുകാരി രാജ്യാന്തര അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. പെണ്‍കുട്ടിയെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പോലീസിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരമറിയിക്കുകയും ചൈല്ഡ്ലൈന് ഇന്ത്യ ഫൗണ്ടേഷന് കുട്ടിയെ കൈമാറുകയും ചെയ്തു.
അതിര്‍ത്തിയില്‍ വേലികെട്ടാത്ത ഒരു ഭാഗത്തിലൂടെ പെണ്‍കുട്ടി ബംഗാളിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ബി.എസ്.എഫിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് കുട്ടിയെ യെ പിടികൂടുകയായിരുന്നു. അന്വേഷിച്ചപ്പോഴാണ് അച്ഛന് അകാരണമായി മര്‍ദിക്കുമെന്നും അതിനാലാണ് ഒളിച്ചോടിയതെന്നും കുട്ടി അറിയിച്ചത്. അതിര്‍ത്തി കടക്കുമ്പോള്‍ കൈയില്‍ പണമോ ബാഗോ ഒന്നും കുട്ടിയുടെ കൈയിലുണ്ടായിരുന്നില്ലെന്ന് ബി.എസ്.എഫ് ബംഗാള്‍ ഫ്രോണ്ടിയര്‍ ഡി.ഐ.ജി എസ്.എസ് ഗുലേരിയ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു പെണ്‍കുട്ടി വീട് വിട്ട് ഇറങ്ങിയത്. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിനോട് അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശ് അതിര്‍ത്തി ജില്ലയായ ജെനൈദ സ്വദേശിയാണ് പെണ്‍കുട്ടി. രാജ്യാന്തര അതിര്‍ത്തിയില്‍നിന്ന് മൂന്ന് കി.മീറ്റര്‍ മാത്രം അകലെയുള്ള ബന്‍സ്ബേരിയയിലാണ് കുട്ടിയുടെ വീട്. അച്ഛന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെയാണ് പെണ്‍കുട്ടി ഒളിച്ചോടിയത്.
Post Your Comments