തിരുവനന്തപുരം: വ്യാജ രേഖകള്‍ ചമച്ച് ഇൻഷുറൻസ് തുക തട്ടാൻ കൂട്ടുനിന്ന പൊലീസുകാരെ കേസുകളിൽ പ്രതി ചേർക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇൻഷുറൻസ് തട്ടിപ്പിനായി വ്യാജ എഫ്ഐആറുകള്‍ തയ്യാറാക്കിയതായി വ്യക്തമായ പൊലീസുകാരെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു തുടങ്ങി. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയും ഇൻഷുറൻസ് തട്ടിപ്പ് നടക്കാറുണ്ടെന്ന് അവർ കണ്ടെത്തി. ഈ സർട്ടിഫിക്കറ്റുകള്‍ ക്രൈംബ്രാഞ്ച് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.
2015 ൽ ട്രാഫിക്ക് പൊലീസ് രജിസ്റ്റർ ചെയ്ത അപകട കേസിൽ അടുത്തിടെ കോടതി വിധി പ്രസ്താവിച്ചിരുന്നു. പരിക്കേറ്റ യുവാവിന് 2,84,000 രൂപയും എട്ട് ശതമാനം പലിശയും ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒരു ഡോക്ടറുടെ പേരിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് ആണ് ഈ നഷ്ടപരിഹാര വിധിക്ക് ആധാരം. ബൈക്കിന് പിറകിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവിന് 14 ശതമാനം അംഗവൈകല്യം സംഭവിച്ചതായാണ് ഡോക്ടറുടെ സർട്ടിഫിക്കറ്റ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഈ കേസും മെഡിക്കൽ റിപ്പോർട്ടും വ്യാജമാണെന്ന് പിന്നീട് ക്രൈംബ്രാഞ്ചും ഇൻഷുറൻസ് കമ്പനിയും കണ്ടെത്തി.
പൊലീസുകാരുടെയും ഡോക്ടർമാരുടെയും ഒത്താശയോടെ ഇത്തരം തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു. അതോടെയാണ് തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുന്ന പൊലീസുകാരെയും കേസുകളിൽ പ്രതിചേർക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.
Post Your Comments