ഡൽഹി: സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ്സിൽ നിയമിച്ചതിൽ തനിക്ക് പങ്കില്ലെന്ന് എൻജിഒയുടെ ചെയർമാനും കൊല്ലത്ത് നിന്നുള്ള മുൻ കോൺഗ്രസ് എംപിയുമായ എസ്. കൃഷ്ണകുമാർ പ്രമുഖ മാധ്യമത്തിനോട് വെളിപ്പെടുത്തി. ‘സ്വപ്നയെ എങ്ങനെയാണ് എച്ച്ആർഡിഎസ്സിൽ നിയമിച്ചതെന്ന് എനിക്ക് അറിയില്ല. സ്വപ്നയുടെ ഈ നിയമനത്തിന് നിയമസാധുതയില്ല. സംഘടനയിൽ ഇപ്പോൾ നിയമവിരുദ്ധമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. സംഘടനയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് എന്നെ നീക്കി എന്ന തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്’ ബിജെപി നേതാവ് എസ്. കൃഷ്ണകുമാർ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷമായി എസ്. കൃഷ്ണകുമാർ ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ (എച്ച്ആർഡിഎസ്) ചെയർമാൻ ആണ്. ‘സെക്രട്ടറി അജി കൃഷ്ണനും, ചീഫ് പ്രോജക്ട് കോർഡിനേറ്റർ എന്ന് സ്വയം അവകാശപ്പെടുന്ന ജോയ് മാത്യു എന്ന ഉദ്യോഗസ്ഥനും, രണ്ട് സ്ത്രീ ജീവനക്കാരും ചേർന്ന് സംഘടനയിൽ അഴിമതി നടത്തുകയാണ്. അവർ സമാന്തരമായി മറ്റൊരു ഡയറക്ടർ ബോർഡ് ഉണ്ടാക്കി. അതിൽ വേറെ ആൾക്കാരെ കുത്തിക്കയറ്റി. എന്നെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കി എന്നാണ് അവർ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.’ കൃഷ്ണകുമാർ പറഞ്ഞു.
‘നിയമപരമായി ഞാൻ തന്നെയാണ് എൻജിഒയുടെ ചെയർമാൻ. അജി കൃഷ്ണൻ ഈ സ്ഥാപനത്തിന്‍റെ പേര് പറഞ്ഞ് എൻഡിഎ മുന്നണിയിൽ നിന്ന് പല ആനുകൂല്യങ്ങളും കൈപ്പറ്റി. ഇടുക്കിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിഡിജെഎസ്സിന്‍റെ ബാനറിൽ അജി അനുജൻ ബിജു കൃഷ്ണന് സീറ്റ് വരെ ഒപ്പിച്ചു നൽകി’ എസ്. കൃഷ്ണകുമാർ ആരോപിച്ചു.
Post Your Comments