പാലക്കാട്: മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിന് പിന്നാലെ ജില്ലാ ഫയര്‍ ഓഫീസറെ സ്ഥലം മാറ്റി. വി.കെ ഋതീജിനെ തൃശൂര്‍ വിയ്യൂരിലേക്കാണ് സ്ഥലം മാറ്റിയത്. ചെറാട് മലയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനമില്ലായ്മ നടന്നതായി വിലയിരുത്തുകയും ഇക്കാര്യത്തില്‍ വിശദീകരണം തേടുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.
Read Also : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ആരോഗ്യ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം
മലപ്പുറം ജില്ലാ ഫയര്‍ ഓഫീസര്‍ ടി. അനൂപിനെയാണ് നിലവില്‍ പാലക്കാട് നിയമിച്ചിരിക്കുന്നത്. പാലക്കാട്, കഞ്ചിക്കോട് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്കും സ്ഥലം മാറ്റം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെറാട് മലയില്‍ ബാബു കുടുങ്ങിയതിനെ തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. യുവാവ് മലയില്‍ കുടുങ്ങി കിടക്കുന്നത് യഥാസമയം അധികാരികളെ അറിയിച്ചില്ലെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന്, പാലക്കാട് വി.കെ ഋതീജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു.
വിലപ്പെട്ട ഒരു മനുഷ്യജീവന്‍ മണിക്കൂറുകളോളം പാറയിടുക്കില്‍ കുടുങ്ങി ജീവനും ദാഹജലത്തിനുമായി കേണപേക്ഷിക്കുന്ന ദയനീയമായ കാഴ്ച മാദ്ധ്യമങ്ങളിലൂടെയാണ് ശ്രദ്ധിക്കുന്നതെന്നും വിവരം യഥാസമയം സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം, ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ഡയറക്ടര്‍ ജനറല്‍, ഡയറക്ടര്‍ ടെക്‌നിക്കല്‍ തുടങ്ങിയ മേലധികാരികളെ യഥാസമയം അറിയിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നുമാണ് വിലയിരുത്തിയത്. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റ നടപടി.
Post Your Comments