കോഴിക്കോട്: ഡിഎഫ്ഒ ഓഫീസിൽ അതിക്രമിച്ചു കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസില്‍ പ്രതികളായ കര്‍ഷകരെ കോടതി ഒടുവിൽ വെറുതെ വിട്ടു. ജോസ് എന്ന ജോയി കണ്ണഞ്ചിറ, ജിതേഷ് മുതുകാട്, രാജൻ വർക്കി, ജോസഫ് എന്ന സണ്ണി കൊമ്മറ്റം എന്നിവരെയാണ് കേസിൽ കോടതി വെറുതെ വിട്ടത്.
Also read: വാടക വീട്ടിൽ വ്യാജവാറ്റ്, മണം പുറത്ത് പോകാതിരിക്കാൻ പ്രത്യേക സാങ്കേതിക വിദ്യ: ഒടുവിൽ പൊലീസ് പൊക്കി
2019 ജൂൺ 27 നാണ് സംഭവം നടന്നത്. 27ന് ഉച്ചക്ക് രണ്ടരയോടെയാണ് കര്‍ഷകര്‍ കോഴിക്കോട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ അതിക്രമിച്ച് കയറി ആത്മഹത്യാ ശ്രമം നടത്തിയത്. സംഭവത്തില്‍ ഓഫീസ് പ്രവർത്തനം തടസ്സപ്പെട്ടെന്ന് കാണിച്ച് കോഴിക്കോട് ഡിഎഫ്ഒ നൽകിയ പരാതിയിലാണ് കര്‍ഷക നേതാക്കള്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. ഈ നാല് കർഷക നേതാക്കളെയാണ് രണ്ടര വർഷങ്ങൾക്ക് ശേഷം കോഴിക്കോട് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടിരിക്കുന്നത്.
ചക്കിട്ടപാറ പഞ്ചായത്തിലെ മുതുക്കാട്ട് നിവാസിയായ കർഷകൻ കൊമ്മറ്റത്തിൽ സണ്ണി സ്വന്തം കൃഷിയിടത്തിലെ തേക്ക് മരം മുറിച്ച് മില്ലിലേക്ക് കൊണ്ടുപോകാനായി പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ചർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഭൂമിക്ക് പട്ടയം ഇല്ലെന്ന കാരണം പറഞ്ഞ് ഫോറസ്റ്റ് റെയിഞ്ചർ പാസ് നിരസിക്കുകയായിരുന്നു. പ്രശ്നത്തിൽ സംയുക്ത കർഷക സമരസമിതി ഇടപെട്ട് വൻ സമരങ്ങൾ നടന്നു. സമിതി പ്രസിഡന്റ് ജിതേഷ് മുതുകാട് നൽകിയ അപേക്ഷ പ്രകാരം അന്നത്തെ കോഴിക്കോട് കളക്ടർ ആയിരുന്ന സാംബ ശിവറാവു പ്രശ്നത്തിൽ ഇടപെട്ടു. പല തവണ കളക്ടറുടെ ചേമ്പറിൽ യോഗം വിളിച്ചെങ്കിലും ഡിഎഫ്ഒ യോഗത്തിൽ നിന്ന് മാറി നിന്നു. ഇതോടെ സഹികെട്ട നേതാക്കളാണ് ഡിഎഫ്ഒ ഓഫീസിൽ അതിക്രമിച്ച് കയറി പരസ്യമായി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Post Your Comments