ബംഗളൂരു : ഹിജാബുകളും കാവി ഷാളുകളും മറ്റ് മതചിഹ്നങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ച ഫെബ്രുവരി 10 ലെ ഹൈക്കോടതി ഉത്തരവ് കര്‍ണാടകയിലെ ഡിഗ്രി കോളേജുകള്‍ക്ക് ബാധകമല്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച നിയമസഭയില്‍ പറഞ്ഞു.
വിദ്യാഭ്യാസ നിയമപ്രകാരം യൂണിഫോം ചട്ടമുള്ള സ്‌കൂളുകളിലും പ്രീയൂണിവേഴ്സിറ്റി കോളേജുകളിലുമാണ് ഹിജാബിന് ഉള്‍പ്പെടെ വിലക്കെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഹൈക്കോടതി ഉത്തരവ് എല്ലാ കോളേജുകളേയും ബാധിക്കില്ല. യൂണിഫോം നിര്‍ദേശിക്കുന്ന കോളേജുകള്‍ക്ക് മാത്രമേ നിരോധനം ബാധകമാകൂ’ , ബൊമ്മൈ നിയമസഭയില്‍ പറഞ്ഞു.
ഹിജാബ് ധരിച്ച മുസ്ലീം വിദ്യാര്‍ത്ഥികളെ ക്ലാസില്‍ പ്രവേശിപ്പിക്കാത്ത വിഷയം പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ സീറോ അവറില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
അതേസമയം, ഉഡുപ്പി സര്‍ക്കാര്‍ പ്രീയൂണിവേഴ്‌സിറ്റി കോളജിലെ 6 വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് വിലക്കിനെതിരെ നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദം തുടരുകയാണ്.
Post Your Comments