മംഗലാപുരം: ഹിജാബ് ധരിച്ച് കോളേജിലെത്തിയ 6 വിദ്യാർത്ഥിനികളെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തു. ദക്ഷിണ കന്നഡയിലെ ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളേജാണ്, വിദ്യാർത്ഥിനികൾക്കെതിരെ നടപടി സ്വീകരിച്ചത്. വ്യാഴാഴ്ച രാവിലെ നടന്ന സംഭവത്തിൽ 6 ബിരുദ വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് കോളേജിലെത്തുകയും ക്ലാസ് മുറിയിൽ പ്രവേശിക്കുകയുമായിരുന്നു.
ഇതേത്തുടർന്ന്, അദ്ധ്യാപകർ വിദ്യാർത്ഥിനികളെ ക്ലാസിന് പുറത്താക്കി. ഇതിനുപിന്നാലെ, വിദ്യാർത്ഥിനികൾ നിയമം ലംഘിച്ച് മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാണിച്ച്, ഇവർക്കെതിരെ കോളേജ് മാനേജ്മെന്റ് നടപടി സ്വീകരിച്ചു. വിദ്യാർത്ഥിനികളെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്ത് മാനേജ്മെന്റ് ഉത്തരവിറക്കുകയായിരുന്നു.
അദ്ധ്യാപകർ ക്ലാസ് മുറിയിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥിനികൾ, മറ്റ് വിദ്യാർത്ഥിനികൾക്കൊപ്പം ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചെന്നും മാനേജ്മെന്റ് വ്യക്തമാക്കി. അതേസമയം, നിയമ ലംഘനം നടത്തിയിട്ടില്ലെന്ന് വിദ്യാർത്ഥിനികൾ പറയുന്നു.
Post Your Comments