![](/wp-content/uploads/2022/02/sans-titre-17-3.jpg)
അഹമ്മദാബാദ്: 2008ലെ അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ കുറ്റക്കാരായി വിചാരണക്കോടതി കണ്ടെത്തിയ 49 പേരുടെയും വിധി പ്രഖ്യാപിച്ച് കോടതി. കേസിലെ കുറ്റക്കാരായ 38 പ്രതികൾക്ക് വധശിക്ഷയും ബാക്കി 11 പേർക്ക് ജീവപര്യന്തവും കോടതി വിധിച്ചു. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റക്കാരെന്ന് കണ്ടത്തിയവരുടെ പട്ടികയില്‍ അഞ്ച് പേര്‍ മലയാളികളാണ്. കേസില്‍ പ്രതി ചേര്‍ത്ത 78 പേരില്‍ 49 പേര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
Also Read:കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റയാൾ വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചു
കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. കേസിലെ മുഴുവൻ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ, ആകെ 77 പേര്‍ പ്രതികളായ കേസില്‍ മലയാളിയായ അബ്ദുല്‍ സത്താര്‍, സൈനുദ്ദീന്‍ എന്നിവര്‍ അടക്കം 28 പേരെ കോടതി കഴിഞ്ഞ ആഴ്ച വെറുതെ വിട്ടിരുന്നു. ബാക്കിയുള്ള 49 പേരുടെ വിധിയാണ് ഇപ്പോൾ പുറത്തുവന്നത്. മലയാളികളായ ശിബിലി, ശാദുലി, മുഹമ്മദ് അന്‍സാര്‍ തുടങ്ങി അഞ്ച് മലയാളികളടക്കമുള്ളവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
അവസാന വിധി വരുന്നതുവരെ കോടതിയിലെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. 13 വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി പ്രഖ്യാപിക്കുന്നത്. യുഎപിഎ അടക്കമുള്ള കേസുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. 2008 ജൂലൈ 26ന് അഹമ്മദാബാദില്‍ നടന്ന 21 ഇടങ്ങളിലാണ് ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്. സംഭവത്തിൽ 56 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments