കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയുടെ കുട്ടി പ്രതിയുടെ സംരക്ഷണത്തിലാണെന്ന് പരാതി. സംരക്ഷണ ഉത്തരവില്‍ അട്ടിമറി നടന്നതായി ചൂണ്ടിക്കാട്ടിയാണ് പരാതി. കേസില്‍ ഇരയുടെ അമ്മയ്ക്കാണ് സംരക്ഷണ ചുമതല നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുട്ടിയെ പ്രതിയായ റോബിന്‍ വടക്കുംചേരിയുടെ കുടുംബം കോട്ടയത്തെ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് മാറ്റിയെന്നാരോപിച്ചാണ് അമ്മ രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കി. പ്രതിക്ക് അനുകൂലമായി ശിശുക്ഷേമ സമിതിയില്‍ നീക്കങ്ങള്‍ നടന്നുവെന്നും അവര്‍ ആരോപിച്ചു. വിഷയത്തില്‍ സി.ഡബ്ലിയു.സി സിറ്റിങ് നടത്തി.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 2017 ലാണ് റോബിന്‍ വടക്കുംചേരി അറസ്റ്റിലാകുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാന്‍ വൈദികന്‍ പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
കേസില്‍ 20 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്‌സോ കോടതി ഫാദര്‍ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇത് ഹൈക്കോടതി ശരിവച്ചിരുന്നു. പ്രതിയ്ക്ക് ലഭിച്ച സംരക്ഷണ ചുമതല അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
Post Your Comments