ബംഗളൂരു : കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പതിമൂന്ന് പെണ്‍കുട്ടികള്‍ എസ്എസ്എല്‍സി പ്രിപ്പറേറ്ററി പരീക്ഷ എഴുതാന്‍ വിസമ്മതിച്ചു. ക്ലാസില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് മാറ്റണമെന്ന് ടീച്ചര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തങ്ങള്‍ പരീക്ഷ എഴുതാതിരുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
ഹൈക്കോടതി വിധി ലംഘിച്ചാണ് ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ എസ്എസ്എല്‍സി പ്രിപ്പറേറ്ററി പരീക്ഷയ്ക്കായി എത്തിയത്. പരീക്ഷ എഴുതാന്‍ ക്ലാസില്‍ കയറുന്നതിന് മുമ്പ് ഹിജാബ് അഴിച്ചുമാറ്റാന്‍ വിദ്യാര്‍ത്ഥിനികളോട് അദ്ധ്യാപകര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തങ്ങളെ മതപരമായ വസ്ത്രം ധരിച്ച് പരീക്ഷ എഴുതാന്‍ അവുവദിക്കണമെന്ന് അദ്ധ്യാപകരോട് വിദ്യാര്‍ത്ഥിനികള്‍ ആവശ്യം ഉന്നയിച്ചു. ഹൈക്കോടതി വിധി ലംഘിച്ച് തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അദ്ധ്യാപകര്‍ അറിയിച്ചതോടെ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ഊരിമാറ്റാതെ പരീക്ഷ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പരീക്ഷ എഴുതുന്നതിന് പ്രത്യേക മുറി കൊടുക്കാമെന്ന് അദ്ധ്യാപകരും സ്‌കൂള്‍ അധികൃതരും വിദ്യാര്‍ത്ഥിനികളെ അറിയിച്ചെങ്കിലും തങ്ങള്‍ പരീക്ഷയ്ക്ക് ഇരിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ ഇവരെ അറിയിക്കുകയായിരുന്നുവെന്ന് ദേശീയ മാദ്ധ്യമമായ എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടികളുടെ തീരുമാനത്തെ പിന്തുണച്ച് രക്ഷിതാക്കളും രംഗത്ത് എത്തി.
Post Your Comments