തിരുവനന്തപുരം: അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളുടെ അധ്യയന ദൈർഘ്യം വെട്ടിച്ചുരുക്കി പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തി. സിലബസ് പ്രകാരം ഒരു വർഷം കൊണ്ട് തീർക്കേണ്ട അധ്യയനം ആറ് മാസം കൊണ്ടാണ് സർവ്വകലാശാല പൂർത്തിയാക്കിയത്. അതേസമയം ദേശീയ മെഡിക്കൽ കമ്മീഷനിന്റെ നിർദേശപ്രകാരം ബോർഡ് ഓഫ് എക്സാമിനേഷൻസ് എടുത്ത തീരുമാനം അനുസരിച്ചാണ് പരീക്ഷ നടത്തുന്നത് എന്നാണ് വിഷയത്തിൽ ആരോഗ്യ സർവ്വകലാശാലയുടെ വിശദീകരണം. 2017 എംബിബിഎസ് ബാച്ചുകാരുടെ പരീക്ഷയാണ് അധ്യയനം വെട്ടിച്ചുരുക്കി അടുത്ത മാസം അവസാനം തുടങ്ങുന്നത്.
കൊവിഡ് സാഹചര്യത്തിൽ അധ്യയനം കൂടുതലും ഓൺലൈൻ വഴിയാണ്. രോഗിയെ കണ്ട് പഠിക്കേണ്ട ക്ലിനിക്കൽ വിഷയങ്ങളിലെ പഠനം വളരെ കുറഞ്ഞു. പഠനം ചുരുക്കുന്നതും പരീക്ഷ അതിവേഗത്തിൽ നടത്തുന്നതും വിദ്യാർത്ഥികൾക്ക് നീതി നൽകുന്നില്ല. ഈ രീതി മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകർച്ചക്ക് കാരണമാകുമെന്നും, വൈദഗ്‌ദ്യം ഇല്ലാത്ത ഡോക്ടർമാരുടെ ഒരു പുതു തലമുറയെ പുറത്തിറക്കുമെന്നുമുള്ള ആശങ്ക വിദ്യാർഥികൾ പങ്കുവെച്ചു. ആവശ്യത്തിന് സ്റ്റഡി ലീവ് പോലും ലഭിക്കുന്നില്ലെന്ന പരാതിയും വിദ്യാർഥികൾ ഉയർത്തുന്നുണ്ട്.
കൂടുതൽ ക്ലാസുകൾ നൽകുന്നതിനായി സർവ്വകലാശാല പരീക്ഷകൾ നീട്ടിവെക്കണമെന്ന് മെഡിക്കൽ കോളേജ് മേധാവികൾ സർവ്വകലാശാല വൈസ് ചാൻസലർക്ക് അപേക്ഷ നൽകിയെങ്കിലും, പരീക്ഷ നടത്തുക അല്ലാതെ വേറെ നിവർത്തി ഇല്ലെന്ന് പറഞ്ഞ് ആരോഗ്യ സർവ്വകലാശാല കൈമലർത്തുകയായിരുന്നു.
Post Your Comments